ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമായതോടെ കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും വിമതശബ്ദം ഉയര്‍ന്നു തുടങ്ങി. ജി 23 എന്നറിയപ്പെടുന്ന വിമത നേതാക്കള്‍ ഇന്ന് ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേരുകയും നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നേതൃമാറ്റം ഉള്‍പ്പെടെ മൂന്ന് പ്രധാന ആവശ്യങ്ങളാണ് വിമത നേതാക്കന്മാര്‍ മുന്നോട്ട് വയ്ക്കുന്നത്. കോണ്‍ഗ്രസ് നേതൃനിരയില്‍ നിന്ന് ഗാന്ധി കുടുംബം ഒഴിഞ്ഞു നില്‍ക്കുക, ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ സി വേണുഗോപാല്‍ രാജിവയ്ക്കുക എന്നിവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങള്‍. ഗാന്ധി കുടുംബത്തിന് പകരമായി അശോഹ് ഗെഹ്‌ലോട്ടിനെയോ ഖാ!ര്‍ഗെയെയോ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നും ജി 23 നേതാക്കന്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്നും എത്രയും പെട്ടെന്ന് പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.