ബെര്‍ലിന്‍: ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കണമോയെന്നതില്‍ ആതിഥേയ രാജ്യമായ ജര്‍മനി കൂടിയാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഐക്യാരാഷ്ട്രസഭയില്‍ റഷ്യക്കെതിരെ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. അതേസമയം അമേരിക്കയിലെ 2+2 മന്ത്രിതല ചര്‍ച്ചയില്‍ റഷ്യയെ തള്ളിപ്പറയാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
നാല്‍പ്പത്തിയെട്ടാമത് ജി 7 ഉച്ചകോടി ഈ വര്‍ഷം ജൂണ്‍ അവസാന ആഴ്ചയാണ് ജര്‍മനിയില്‍ നടക്കാന്‍ പോകുന്നത്. അംഗരാജ്യങ്ങള്‍ക്ക് പുറമെ സെനഗല്‍ , ദക്ഷിണ ആഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ജര്‍മനി യോഗത്തിലേക്ക് അത്ഥിതികളായി ക്ഷണിക്കും. എന്നാല്‍ ഇന്ത്യയെ ക്ഷണിക്കണമോയെന്നത് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇപ്പോള്‍ ജര്‍മനിയെന്നാണ് വിവരം. യുക്രന്‍ യുദ്ധത്തിന് മുന്‍പ് ഇന്ത്യയേയും യോഗത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ പുറത്താക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതാണ് പുതിയ നീക്കത്തിന് കാരണം.
ഇന്ത്യ അടക്കമുള്ള അന്‍പതിലധികം രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്. അതിഥികളായി പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക ഉടന്‍ തീരുമാനിച്ച് പ്രസിദ്ധീകരിക്കുമെന്ന് ജര്‍മന്‍ സര്‍ക്കര്‍ വക്താവ് അറിയിച്ചു. എന്നാല്‍ റഷ്യക്കെതിരെ നിലപാട് കടുപ്പിക്കുന്‌പോഴും ജര്‍മനി റഷ്യയില്‍ നിന്ന് ഇറക്കുതി തുടരുന്ന സാഹചര്യത്തെ യുക്രൈനും പോളണ്ടുമടക്കം വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ഇന്ത്യ യുഎസ് 2+2 മന്ത്രി തല ചര്‍ച്ചയിലും ഇന്ത്യ നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്.
യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും റഷ്യയെ ശക്തമായി വിമര്‍ശിച്ചപ്പോഴും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യമന്ത്രി എസ് ജയശങ്കറും റഷ്യയെ തള്ളപ്പറയാന്‍ തയ്യാറായില്ല. അമേരിക്കയുമായും റഷ്യയുമായും നിലവിലെ നയതന്ത്ര ബന്ധം അതുപോലെ തുടരാന്‍ തന്നെയാണ് താല്‍പ്പര്യമെന്നാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. ..