ഇടതിന്റെ പുതിയ മുഖം; ചിലിയുടെ പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേൽ ബോറിക്

സാന്റിയാഗോ: മുൻ വിദ്യാർഥി നേതാവും ഇടതുപക്ഷ നിലപാടുകാരനുമായ ഗബ്രിയേൽ ബോറിക് (35) ചിലിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ വ്യവസ്ഥിതിയിലേക്കു തിരിച്ചെത്തിയ 1990നു ശേഷം രാജ്യത്ത് അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ബോറിക്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 55.87% വോട്ടുകൾ നേടിയാണ് ഗബ്രിയേൽ ബോറിക്കിന്റെ വിജയം. മുഖ്യഎതിരാളിയും വലതുപക്ഷ നിലപാടുകാരനുമായ ജോസ് ആന്റോണിയോ കാസ്റ്റിന് 44.13% വോട്ടുകൾ ലഭിച്ചു. അടുത്തവർഷം മാർച്ച് 11ന് ബോറിക്, ചിലെയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.

പത്തുവർഷം മുൻപ്, ചിലിയിൽ വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിച്ചതിനെതിരെ രാജ്യതലസ്ഥാനത്ത് ആയിക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവാണ് ഗബ്രിയേൽ ബോറിക്. മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, വിദ്യാർഥികളുടെ കടം എഴുതിത്തള്ളുക, അതിസമ്പന്നർക്കുള്ള നികുതി വർധിപ്പിക്കൽ, സ്വകാര്യ പെൻഷൻ സമ്പ്രദായം പുനഃപരിശോധിക്കൽ തുടങ്ങിയവയായിരുന്നു ബോറിക്കിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ.

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസോനാരോ എന്നിവരുമായി താരതമ്യം ചെയ്യപ്പെടുന്ന നേതാവാണ് ജോസ് ആന്റോണിയോ കാസ്റ്റ്. മുൻ സ്വേച്ഛാധിപതി ജനറൽ അഗസ്റ്റോ പിനോഷെയെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. കമ്പനികൾക്ക് നികുതിയിളവ്, കുടിയേറ്റക്കാർ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ ചിലെയുടെ വടക്കുഭാഗത്തു മതിൽ പണിയുക, ഗർഭച്ഛിദ്രം നിർത്തലാക്കുക തുടങ്ങിയവ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു 55കാരനായ ‌കാസ്റ്റിന്റെ പ്രചാരണം.

Top