മുംബൈ: കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് ഗാഡ്ഗിൽ കമ്മീഷൻ അധ്യക്ഷൻ മാധവ് ഗാഡ്ഗിൽ. കേരളത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ സർക്കാരിനെ വിമർശിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. കേരളത്തിൽ വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ചെറിയ വിഭാഗത്തിൻറെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെക്കുറിച്ച് സർക്കാർ മറന്നുവെന്നും ഗാഡ്ഗിൽ ആരോപിച്ചു. വലിയ ക്വാറികൾക്ക് പോലും ഇപ്പോൾ കേരളത്തിൽ നിർബാധം ലൈസൻസ് നൽകുകയാണ് സംസ്ഥാന സർക്കാർ. ഉള്ള നിയമങ്ങൾ പാലിക്കപ്പെട്ടുന്നുവെന്ന് സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണം.
മഹാരാഷ്ട്ര- കർണാടക അതിർത്തിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത് കേരളത്തിൽ കഴിഞ്ഞ പ്രളയ കാലത്തു സംഭവിച്ചതിന് സമാനമായ സാഹചര്യമാണെന്ന് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി. മഴ തുടർച്ചയായി പെയ്തിട്ടും വടക്കൻ കർണാടകത്തിലെ ഡാമുകൾ കൃത്യസമയത്ത് തുറന്നുവിടാൻ അധികൃതർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.