മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ: പരീക്ഷണ ദൗത്യം 21ന് രാവിലെ 7ന് നടക്കും

ചെന്നൈ : മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പിനു സമയം കുറിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ 21നു രാവിലെ 7 മുതൽ 9 വരെയായിരിക്കും പരീക്ഷണ ദൗത്യം (ടിവി-ഡി1) നടക്കുക. ദൗത്യം റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ സുരക്ഷിതരായി തിരികെ ഇറക്കാനുള്ള ദൗത്യമാണിത്. ക്രൂ മൊഡ്യൂളിന്റെ പുതിയ ചിത്രവും ഐഎസ്ആർഒ പുറത്തു വിട്ടു.

മനുഷ്യ സംഘത്തെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണു ഗഗൻയാൻ ദൗത്യം. പരീക്ഷണം പൂർത്തിയാക്കി അടുത്ത വർഷാവസാനം 3 പേരെ ബഹിരാകാശത്ത് അയയ്ക്കുകയാണു ലക്ഷ്യം.

തൂത്തുക്കുടി കുലശേഖരപട്ടണത്ത് ഐഎസ്ആർഒ നി‍ർമിക്കുന്ന രണ്ടാമത്തെ വിക്ഷേപണത്തറ 2 വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ഇതിനായി തമിഴ്നാട് സർക്കാർ 2000 ഏക്കർ സ്ഥലം ലഭ്യമാക്കിയിരുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും അദ്ദേഹം സന്ദർശിച്ചു.

Top