ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ; 2022ല്‍ ബഹിരാകാശത്തേക്ക്

ന്യൂഡല്‍ഹി: 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങാണ് ഐഎസ്ആര്‍ഒയുടെ നാല് സുപ്രധാന ദൗത്യങ്ങള്‍ പ്രഖ്യാപിച്ചത്.

രണ്ടോ മൂന്നോ പേരായിരിക്കും പ്രഥമ ഗഗന്‍യാന്‍ ദൗത്യത്തിലുണ്ടാകുക. ഇതിന്റെ ഭാഗമായി ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുക ഇന്ത്യയില്‍ തന്നെയായിരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്. ഗഗന്‍യാന്‍ പദ്ധതിക്കായി പ്രത്യേക സെല്‍ രൂപവത്കരിക്കും. ഗഗന്‍യാന്‍ ദേശീയ ഉപദേശക കൗണ്‍സിലായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുക.

ആറ് മാസത്തിനുള്ളില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാര്‍ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കും. അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ചന്ദ്രയാന്‍ രണ്ട് ദൗത്യം, ഗഗന്‍യാന്‍ ദൗത്യം, ആദിത്യ മിഷന്‍, വീനസ് മിഷന്‍ എന്നീ നാല് വിക്ഷേപണ ദൗത്യങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. സൂര്യനെക്കുറിച്ച് പഠിക്കാന്‍ ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതിയാണ് ആദിത്യ മിഷന്‍, ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യത്തിന്റെ പേര് വീനസ് മിഷന്‍ എന്നായിരിക്കും

Top