പ്രതിഷേധക്കാരെ അനുകൂലമാക്കിയും ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി മുന്നോട്ട് തന്നെ

തൃശ്ശൂര്‍: കൊച്ചി-മംഗളൂരു ഗെയ്ല്‍ പ്രകൃതിവാതകക്കുഴല്‍ പദ്ധതി പ്രതിഷേധങ്ങള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും പൂര്‍ത്തിയാക്കിയ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിഷേധക്കാരെ അനുകൂലമാക്കിയും രണ്ടു പ്രളയവും കോവിഡും അതിജീവിച്ചും സമയബന്ധിതമായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ ഈ പദ്ധതിയുടെ മാതൃക മറ്റ് പല സംസ്ഥാനങ്ങളും ഇതിനകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടെ കേരളത്തില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യം ഒരുങ്ങുകയാണ്.

മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്റര്‍ സ്ഥലമാണ് ഗെയ്ല്‍ ഉപയോഗത്തിനായെടുക്കുന്നതെങ്കില്‍ കേരളത്തിലെ സ്ഥലദൗര്‍ലഭ്യത പരിഗണിച്ച് ആദ്യം 20 മീറ്ററായി ചുരുക്കി, പിന്നീട് 10 മീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു. നിര്‍മാണസമയത്ത് 20 മീറ്റര്‍ കണക്കാക്കി വിളകള്‍ക്കുള്ള ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കിയത് ജനങ്ങളെ പദ്ധതിക്ക് അനുകൂലമാക്കിയിരുന്നു. 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അതില്‍ വീടു വെക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി ഗെയ്‌ലിന്റെ ഉപയോഗാവകാശം രണ്ട് മീറ്ററായി ചുരുക്കുകയും ഒപ്പം ആശ്വാസധനമായി അഞ്ച് ലക്ഷം രൂപയും നല്‍കി. കുറച്ചുസ്ഥലം മാത്രമുള്ളവര്‍ക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി.

കൂടാതെ, ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകള്‍ തീര്‍ക്കാന്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അഞ്ചംഗങ്ങള്‍ വീതമുള്ള പോലീസ് കര്‍മസേന രൂപവത്കരിച്ചിരുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് വലിച്ചെടുക്കുന്ന ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ്ങിലൂടെയാണ് കുഴല്‍ സ്ഥാപിച്ചത്. 96 ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ് ഈ പദ്ധതിയില്‍ ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത സ്ഥലങ്ങളില്‍ ചിലത് തണ്ണീര്‍ത്തടത്തിലായിരുന്നതിനാല്‍ നിര്‍മാണതടസ്സം ഒഴിവാക്കാന്‍ കേരള പാഡി ആന്‍ഡ് വെറ്റ്ലാന്‍ഡ് കണ്‍സര്‍വേഷന്‍ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഗെയ്ല്‍ കണ്‍സ്ട്രക്ഷന്‍ ജനറല്‍ മാനേജരായ ടോണി മാത്യുവാണ് പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ചത്.

Top