തിരുവനന്തപുരം: ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
കടുത്ത ഭാഷയിലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസന പദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍ വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഗെയിൽ വിരുദ്ധ സമരം സംബന്ധിച്ച് തിങ്കളാഴ്ച കോഴിക്കോട് കളക്ടറേറ്റിൽ സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തയാറായിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
അതേസമയം ചർച്ച പ്രഖ്യാപിച്ചെങ്കിലും നിർമാണം നിർത്തിവച്ചാൽ മാത്രമേ ചർച്ചയ്ക്കു തയാറാവൂ എന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.