ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ചുഴലിക്കാറ്റില്‍ ഇതുവരെ വടക്കന്‍ തമിഴ്‌നാട്ടില്‍ 36 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ചുഴലികാറ്റില്‍ നിരവധി മൃഗങ്ങളും ചത്തു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്.
ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ ഉണ്ടായ മഴയുടെ ശക്തി ഇന്ന് വൈകീട്ടോടെ കുറയും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഗജയെ തുടര്‍ന്ന് കനത്ത മഴ ഉണ്ടായത്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് 81,000ല്‍ അധികം പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിരുന്നു. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്.