മസ്‌കറ്റ്: കൈക്കൂലി കേസില്‍ ഒമാനില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍ മോചിതനായി. റംസാന്‍ പുണ്യമാസത്തോട് അനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായാണ് മോചനം.
രാജ്യത്തെ പെട്രോളിയം ഉല്പന്നങ്ങളുടെ നിര്‍മാണ വിപണന പ്രോജക്ടിന്റെ കരാര്‍ ലഭിക്കാന്‍ അധികൃതര്‍ക്ക് വന്‍തുക കൈക്കൂലി നല്കിയെന്ന കേസില്‍ 15 വര്‍ഷത്തെ തടവിനായിരുന്നു ഗള്‍ഫാര്‍ മുഹമ്മദലിയെ 2014 മാര്‍ച്ചില്‍ മസ്‌കറ്റ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.
തടവിനൊപ്പം 1.7 മില്യണ്‍ ഒമാന്‍ റിയാല്‍ (27 കോടി രൂപ) പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ പൊതുമാപ്പിലൂടെ പുറത്തിറങ്ങുന്നത്. ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ എംഡിയാണ് മുഹമ്മദലി.
എന്നാല്‍ കൈക്കൂലി നല്‍കി എന്ന വാര്‍ത്ത ഗള്‍ഫാര്‍ മുഹമ്മദലി നിഷേധിച്ചിരുന്നു. ഒമാനിലെ ബിസിനസ് മാഫിയ തന്നെ മനപ്പൂര്‍വ്വം കുടുക്കുകയാണെന്നാണ് ഗള്‍ഫാറിന്റെ ആരോപണം.