ദില്ലി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് എട്ട് മാസങ്ങൾക്ക് ശേഷം സമ്മതിച്ച് ചൈന. ഇവരുടെ പേരുകൾ പുറത്തു വിട്ടു. ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് ചൈന തുറന്നു സമ്മതിക്കുന്നത്. ഈ നാല് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു.
ഗൽവാനിലുണ്ടായ ചൈനീസ് പ്രകോപനത്തിലും സംഘർഷത്തിലും 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.നേരത്തെ കേന്ദ്രമന്ത്രിമാരടക്കം ചൈനയുടെ സൈനികരെ വധിച്ചതായി പ്രതികരിച്ചെങ്കിലും ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.
കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ, യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങളേക്കാൾ മാരകമായ ആൾനാശമാണുണ്ടാക്കിയതെന്ന് യുഎസ് റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് ഭാഗത്തും നിരവധി ആൾനാശമുണ്ടായെന്ന റിപ്പോർട്ട് ചൈന തള്ളിയിരുന്നു.