ഗാല്‍വാന്‍ ഞങ്ങളുടെത്; വീണ്ടും അവകാശവാദമുന്നയിച്ച് ചൈന

ബെയ്ജിങ്: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയ്ക്കുമേല്‍ വീണ്ടും അവകാശവാദവുമായി ചൈന രംഗത്ത്. ഗല്‍വാന്‍ എന്നും ചൈനയുടെ ഭാഗമാണെന്നും ഇനിയും സംഘര്‍ഷത്തിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയന്‍ മാധ്യമങ്ങളോടു പറഞ്ഞു. 5 ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ അതിര്‍ത്തി സംഘര്‍ഷത്തിന്റെ വക്കിലാണ് നിലവില്‍ ഇന്ത്യയും ചൈനയും.

കിഴക്കന്‍ ലഡാക്കില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും നാല്‍പതോളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. സംഘര്‍ഷം കൈവിട്ടുപോയത് പ്രദേശത്തു തുടര്‍ന്നുപോന്ന സ്ഥിതിഗതികളില്‍ ഏകപക്ഷീയമായ തീരുമാനം ചൈന എടുത്തതിനാലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

‘ഗല്‍വാന്‍ താഴ്വരയിലെ പ്രശ്‌നങ്ങളില്‍ സൈനികപരമായും നയതന്ത്രപരമായും ആശയവിനിമയം നടത്തുന്നുണ്ട്. ശരിയും തെറ്റും എന്താണെന്നു വ്യക്തമാണ്. ഇത് അതിര്‍ത്തിയില്‍ ചൈനയുടെ വശത്ത് നടന്ന സംഭവമാണ്. ചൈനയെ കുറ്റപ്പെടുത്താനാകില്ല’ ഴാവോ പറഞ്ഞു. അതേസമയം, ചൈനീസ് സൈനികരുടെ മരണസംഖ്യയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

Top