ഗെയിമിങിന്റെ വിനോദ സാധ്യത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, മികച്ച ഗ്രാഫിക്‌സുകള്‍ ഉള്‍പ്പെടുത്തി പുതിയ ഗെയിമിങ് സേവനവുമായി ഗൂഗിള്‍. ഗെയിം ആരാധകര്‍ക്കായി ക്ലൗഡ് ഗെയിമിങ് സേവനമാണ് ഇതിനായി ഗൂഗിള്‍ ഒരുക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗെയിം ഡവലപ്പേഴ്സ് കോണ്‍ഫറന്‍സിലാണ് സ്റ്റേഡിയ ക്ലൗഡ് ഗെയിം സേവനം ഗൂഗിള്‍ അവതരിപ്പിച്ചത്.
ലോകമെമ്പാടുമുള്ള സ്വന്തം സെര്‍വറുകളുടെ സഹായത്തോടെയാണ് ഗൂഗിള്‍ സ്റ്റേഡിയ ക്ലൗഡ് ഗെയിം സേവനം ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയ, ക്ലൗഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗെയിമിങ് സേവനത്തില്‍ ഒരേ സമയം കളിക്കാനും അത് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ സ്ട്രീം ചെയ്യാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
പ്രധാനമായും ഇത് ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണ്ട യു ട്യൂബില്‍ ലഭ്യമാകുന്ന ഗെയിംമില്‍ ‘പ്ലേ നൗ’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ക്രോം ബ്രൗസര്‍ വഴി ലാപ്ടോപ്പുകളിലും, ഡെസ്‌ക്ടോപ്പുകളിലും ആന്‍ഡ്രോയിഡ് ടാബ് ലറ്റുകളിലും ടിവിയിലും ഫോണുകളിലും ഇത് ലഭ്യമായിത്തുടങ്ങും. മാത്രമല്ല, യുഎസ്ബി ഗെയിം കണ്‍ട്രോളറുകള്‍ വഴിയും സ്റ്റേഡിയ ഗെയിമുകള്‍ കളിക്കാം. യൂട്യൂബില്‍ ഗെയിമിങ്ങിനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ഗൂഗില്‍ യൂട്യൂബുമായി ചേര്‍ന്ന്
ക്ലൗഡ് ഗെയിമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
സ്റ്റേഡിയ ഗെയിമിങ് സേവനങ്ങളിലൂടെ ആദ്യം ലഭ്യമാകുന്ന ഗെയിമുകളില്‍ ഒന്ന് ‘ഡൂം എറ്റേണല്‍’ ആയിരിക്കും. ഇതിന് 4കെ റസലൂഷന്‍, എച്ച്ഡിആര്‍, 60എഫ്പിഎസ് ഗെയിം പ്ലേ സൗകര്യങ്ങള്‍ എന്നിവ ഉണ്ടാവുന്നതാണ്. എഎംഡിയുമായി സഹകരിച്ചാണ് ഗൂഗിള്‍ ഡാറ്റാ സെന്ററുകളില്‍ പ്രത്യേകം ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ (ജിപിയു) സ്ഥാപിച്ചിരിക്കുന്നത്. യൂട്യൂബില്‍ ലഭ്യമാകുന്ന ഗെയിമില്‍ ‘ക്രൗഡ് പ്ലേ’ സൗകര്യവും ലഭ്യമാണ്. ഈ വര്‍ഷമിറങ്ങുന്ന ഗെയിമിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് എത്രയെന്നോ ഗെയിം എന്നു മുതല്‍ ലഭ്യമായിത്തുടങ്ങുമെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.