കോഴിക്കോട്: ഗണപതി ഹോമം നടത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂര്‍ എല്‍പി സ്‌കൂള്‍ ഇന്ന് തുറക്കും. കഴിഞ്ഞ ചൊവ്വാഴ്ച ഗണപതി ഹോമം നടന്നതിന് ശേഷം സ്‌കൂള്‍ പ്രവര്‍ത്തിച്ചിട്ടില്ല. വെള്ളിയാഴ്ച വിളിച്ച സര്‍വ്വകക്ഷി യോഗ തീരുമാന പ്രകാരമാണ് സ്‌കൂള്‍ തുറക്കുന്നത്.
പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മുതല്‍ സ്‌കൂളിന് അവധിയാണ്. സ്‌കൂള്‍ മാനേജര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഹോമം നടത്തിയതില്‍ ചട്ടലംഘനമുണ്ടായെന്ന എഇഒ യുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഡിഡിഇ സ്‌കൂള്‍ മാനേജരോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചതിന് ശേഷമേ നടപടി എടുക്കുന്നതില്‍ തീരുമാനമാകൂ.
ഇതിനിടെ ഹോമം നടത്തിയതിന് സ്‌കൂള്‍ മാനേജരെ ബി ജെ പി ന്യായീകരിച്ചു. പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സ്‌കൂള്‍ മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിലേക്ക് വലിച്ചിഴച്ചെന്ന് ആരോപിച്ച് ബി ജെ പി പ്രദേശത്ത് വിശദീകരണ യോഗവും സംഘടിപ്പിക്കും.