ആ കുടുംബം ഏതാണ് ? ഇറ്റലിയിലെ മിലാന്‍ കോടതി വിധിയിലെ ഈ പരാമര്‍ശം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ പോന്നതാണ്.
22,000 യൂറോ അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഒരു കുടുംബത്തിനു കൈമാറിയതായാണ് കോടതി രേഖകളില്‍ പറയുന്നത്.
ഇത് ഏതു കുടുംബമാണെന്ന് രേഖകളില്‍ വ്യക്തമല്ലെങ്കിലും കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത് ഗാന്ധി കുടുംബത്തിലേക്കാണ്.
ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ഏറെ പ്രതിരോധത്തിലാക്കുന്ന ഘടകമായി ഈ കോപ്ടര്‍ ഇടപാട് മാറുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ യു.എ.ഇയുടെ സഹായത്തോടെ പിടികൂടി ഇന്ത്യയില്‍ എത്തിച്ച് സി.ബി.ഐ ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ ഗാന്ധി കുടുംബത്തിലെ ആരുടെയെങ്കിലും പേരു പറഞ്ഞാല്‍ ഏത് ഉന്നതയാണെങ്കിലും സി.ബി.ഐക്ക് അവരെ ചോദ്യം ചെയ്യേണ്ടി വരും എന്നു മാത്രമല്ല അറസ്റ്റ് ഉള്‍പ്പെടെ ഉള്ള നടപടികളിലേക്ക് കടക്കേണ്ടിയും വരും.
വലിയ പ്രതിസന്ധിയാണ് കഴിഞ്ഞ യു.പി.എ കാലത്തെ ഇടപാടിന്റെ പേരില്‍ കോണ്‍ഗ്രസ്സ് ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.
11,000 യൂറോ വീതം രണ്ട് തവണകളായാണ് കുടുംബത്തിന് കൈമാറിയതെന്നാണ് വിധി പ്രസ്താവനയില്‍ മിലാന്‍ കോടതി ചൂണ്ടിക്കാട്ടുന്നത്.
കോപ്ടര്‍ ഇടപാടില്‍ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ സി.ബി.ഐ ചോദ്യം ചെയ്ത് വരികയാണ്. ആരോപണ വിധേയരായ മൂന്ന് പേരിലൊരാളാണ് മിഷേല്‍. നഷ്ടപരിഹാരമായിട്ടാണ് കുടുംബത്തിന് ഈ തുക കൈമാറിയതെന്ന് മറ്റൊരു ഇടനിലക്കാരനായ ഗൈഡോ ഹാഷ്‌കെയ്ക് മിഷേല്‍ നല്‍കിയ കത്തില്‍ പറയുന്നതായും കോടതി രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്.
കേസില്‍ ആരോപണ വിധേയനായ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയും അദ്ദേഹത്തിന്റെ ബന്ധുക്കളെയുമാകാം കുടുംബം എന്ന് സൂചിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറയുന്നു. കോപ്ടര്‍ ഇടപാടില്‍ അഴിമതി നടത്തിയത് ഗാന്ധി കുടുംബമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. മിലാന്‍ കോടതി വിധി പ്രകാരം fam എന്നത് കുടുംബവും bur എന്നത് ഉദ്യോഗസ്ഥരേയുമാണ് അര്‍ത്ഥമാക്കുന്നതെന്ന് ഹഷ്‌കെ പറയുന്നു. സാമ്പത്തിക ഇടപാട് നടന്നതിന് മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കോടതി പിന്നീട് പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിനെയാണ് അജ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും fam എന്നത് ഗാന്ധി കുടുംബമാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് കോണ്‍ഗ്രസിനെതിരെയുള്ള ആയുധമായി ശക്തമായി ഉന്നയിച്ചിരുന്നു.
3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നതാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഇറ്റലിയിലെ മിലാന്‍ കോടതിയിലെ കണക്ക് അഴിമതിയുടെ ചെറിയ അംശമാണെന്നും ഭാക്കിയുള്ളത് ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളുമെന്നുമാണ് ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളുടെയും വിലയിരുത്തല്‍.