രാജ്യത്തെ വെളിയിട വിസര്‍ജന വിമുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്പുവിന്റെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഭജന്‍ പാടിക്കൊണ്ടിരുന്ന സംഘത്തോടൊപ്പം അല്‍പസമയം ഇരിക്കുകയും ചെയ്തു.

”സ്‌നേഹത്തോടെ ബാപ്പുവിന് ആദരം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഞങ്ങള്‍ മാനവികതയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ സംഭാവനകള്‍ക്ക് എന്നും കടപ്പെട്ടവരാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സത്യമാക്കാന്‍ ഇനിയും കഠിനാധ്വാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കുമെന്നും”, എന്ന് രാജ്ഘട്ടിലെത്തും മുന്‍പ് മോദി ട്വീറ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും, സ്പീക്കര്‍ ഓം ബിര്‍ളയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, വി മുരളീധരന്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്താനെത്തി. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി എന്നിവരുമെത്തി.

പാര്‍ലമെന്റിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടക്കും. രാവിലെ 9.30-ന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. രാജ്യത്തെ വെളിയിട വിസര്‍ജന വിമുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

Top