ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാലാഴ്ചത്തേക്ക് മാറ്റി.
കേസിൽ അമിക്കസ് ക്യൂറി അമരേന്ദർ സരൺ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി മാറ്റിയത്.
ഗാന്ധി വെടിയേറ്റു മരിച്ച സംഭവം പുനരന്വേഷിക്കുന്നതിന്റെ സാധുതയേക്കുറിച്ചാണ് അമിക്കസ് ക്യൂറി പരിശോധിക്കുന്നത്.
ഗാന്ധിവധത്തിൽ ദുരൂഹതകളുണ്ടെന്നും അത് നീക്കണമെന്നുമാവശ്യപ്പെട്ട് ഗവേഷകനും അഭിനവ് ഭാരത് പ്രവർത്തകനുമായ ഡോ.പങ്കജ് പദ്നി സമർപിച്ച ഹർജി പരിഗണിക്കവേയാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചാൽ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് മഹാത്മാഗാന്ധിയുടെ പൗത്രന്റെ മകൻ തുഷാർ ഗാന്ധി അപേക്ഷിച്ചു.
രാജ്യതലസ്ഥാനത്തുവച്ച് നാഥുറാം വിനായക ഗോഡ്സെയുടെ വെടിയേറ്റ് 1948 ജനുവരി 30നാണ് മഹാത്മാഗാന്ധി മരിക്കുന്നത്.