രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് കെ. മുരളീധരന്‍ എം.പി. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നും കെ. സുധാകരന്‍ ഒഴികെ മറ്റെല്ലാ കോണ്‍ഗ്രസ് എം.പിമാരും സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്നാണ് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതെന്നും അതുകൊണ്ടുതന്നെ അദ്ദേഹമൊഴികെ കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ സിറ്റിങ് സീറ്റില്‍ തന്നെ മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുമ്പേ ചുമരെഴുതുന്നത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തകരുടെ ആവേശത്തിന്റെ ഭാഗമാണെന്നും അതിനെ തളര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളുടെ പേരില്ലെങ്കിലും വടകരയില്‍ ‘യു.ഡി.എഫ്. ബുക്ക്ഡ്’ എന്ന് പ്രവര്‍ത്തകര്‍ ചുമരെഴുതിക്കോട്ടെ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തില്‍ ‘ഇന്ത്യ’ മുന്നണിയാണെങ്കിലും കേരളത്തില്‍ സി.പി.എമ്മുമായി കോണ്‍ഗ്രസ് സഹകരിക്കില്ലെന്നും ഫലത്തില്‍ എന്‍.ഡി.എ. തന്നെയാണ് കേരളത്തില്‍ സി.പി.എം. എന്നും മുരളീധരന്‍ ആരോപിച്ചു. അതേസമയം, നിയമസഭയെ അപമാനിക്കുന്ന പ്രവൃത്തിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

‘സര്‍ക്കാരിനോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ മുഖം വീര്‍പ്പിച്ചിരുന്നിട്ട് കാര്യമില്ല. സഭയില്‍വെച്ച് മുഖ്യമന്ത്രിയോട് മുഖം കറുപ്പിച്ചത് തെറ്റാണ്. മുഖ്യമന്ത്രി ചെയ്തതും തെറ്റാണ്. പ്രസംഗം വായിക്കാനുള്ള ആരോഗ്യക്കുറവ് ഗവര്‍ണര്‍ക്കില്ല. 78 സെക്കന്‍ഡ് മാത്രം നയപ്രഖ്യാപനം നടത്തി ഗവര്‍ണര്‍ ചരിത്രത്തിന്റെ ഭാഗമായി. അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിന്റെ ഭാഗമായി.’ – മുരളീധരന്‍ പറഞ്ഞു.

രാഷ്ട്രീയവത്കരിച്ചതിനാലാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതെന്നും വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പോകാനും പോകാതിരിക്കാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ യജമാനനാകരുത്. ശശി തരൂരും ഞാനും രാമഭക്തരാണ്.’ – കെ. മുരളീധരന്‍ പറഞ്ഞു.

Top