തിരുവനന്തപുരം: ഒരു സിനിമയ്ക്ക് കോടികള്‍ പ്രതിഫലം പറ്റുന്ന ചില യുവനടന്മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ലെന്ന് ഗണേശ് കുമാര്‍ എം.എല്‍.എ. കേരളത്തിന് ഒരു ദുരന്തമുണ്ടായപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തുവെന്ന് മലയാളി ഇവരോട് ചോദിക്കണമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
കൊല്ലം കുരിയോട്ടുമല ആദിവാസി കോളനിയില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
കോടികള്‍ പ്രതിഫലം പറ്റുന്ന പല അവന്മാരെയും ദുരിതം വന്നപ്പോള്‍ കാണാനില്ല, ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി പ്രതിഫലം പറ്റുന്ന ചില യുവനടന്മാരെ കാണാനേയില്ലെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ അഞ്ചുപൈസ കൊടുത്തിട്ടില്ലെന്നും ഗണേശ് കുമാര്‍ കുറ്റപ്പെടുത്തി.
അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങിക്കുന്ന ഹാസ്യനടന്മാരെയും കാണാനില്ല. സുരാജ് വെഞ്ഞാറമൂടിനെപ്പോലുള്ള ചില പാവങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരും വിദേശികളായവര്‍ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ ആകാശത്ത് ഇരുന്ന് ഫേസ്ബുക്കിലൂടെ ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ കലാകാരനെന്ന നിലയില്‍ തനിക്ക് പ്രതിഷേധമുണ്ട്. സിംഗപ്പൂര്‍ പൗരനായ ഒരു തമിഴ് വംശജന്‍ കേരളത്തില്‍ വന്നപ്പോള്‍ ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
എന്നാല്‍ ഇവിടെ മലയാളിയുടെ സ്നേഹത്തിന്റെ പങ്ക് പറ്റുന്ന ചില നടന്മാര്‍ അഞ്ച് പൈസ പോലും കൊടുത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിങ്ങളുടെ ഇത്രയും കാലത്തെ വര്‍ത്തമാനമൊക്കെ ഞങ്ങള്‍ സഹിച്ചുവെന്നും കേരളത്തിന് ഒരു ദുരന്തമുണ്ടായപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തുവെന്ന് മലയാളി ഇവരോട് ചോദിക്കണമെന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി.