ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പളളിയും ഇന്ന് അധികാരമേല്‍ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പളളിയും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തിലാണ് ഇത്തവണത്തെ സത്യ പ്രതിജ്ഞ. അതിനിടെ കെ ബി ഗണേഷ് കുമാര്‍ സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടത് ചര്‍ച്ചയായി. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. വകുപ്പ് വിവേചനം മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെങ്കിലും പ്രാഥമിക ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

വൈകുന്നേരം 4ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്ഭവന്‍ വളപ്പില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ്. മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ച ഒഴിവിലാണ് ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പളളിയും മന്ത്രിമാരാകുന്നത്.

Top