ഡോ. ഷഹനയുടെ ആത്മഹത്യ:ഗതിയില്ലാത്തവന്‍ വിവാഹം കഴിക്കാന്‍ പോകരുത്; ഗണേഷ് കുമാര്‍

പത്തനാപുരം: ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. റുവൈസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഗതിയില്ലാത്തവന്‍ വിവാഹം കഴിക്കാന്‍ പോകരുതെന്ന് അദ്ദേഹം പരിഹസിച്ചു. മിടുക്കിയായ ആ പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്ത റുവൈസിനോടു നിയമത്തിന്റെ കണ്ണില്‍ ഒരു ദയയും കാണിക്കാന്‍ പാടില്ല. സമൂഹവും ദയ കാണിക്കരുത്. ഇത്തരം ക്രിമികളോടും ദുഷ്ടന്‍മാരോടും ദയ പാടില്ലെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

”നാണംകെട്ട വാര്‍ത്തയാണ്. കാരണം നമ്മള്‍ അതേക്കുറിച്ച് അറിയാന്‍ തന്നെ ലജ്ജിക്കേണ്ടിയിരിക്കുന്നു. വളരെയധികം പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. ആ കേരളത്തിലെ ജനങ്ങള്‍ ഇത്രയും മോശപ്പെട്ട കാര്യത്തിന് കൂട്ടുനില്‍ക്കുന്നു. ഈ പറയപ്പെടുന്ന വ്യക്തി ഞാന്‍ അറിഞ്ഞിടത്തോളം മറ്റു വിഷയങ്ങളിലെല്ലാം വലിയ ആദര്‍ശം പ്രസംഗിക്കുന്ന ആളാണ്. പക്ഷേ സ്വന്തം ജീവിതത്തില്‍ ആ ആദര്‍ശമില്ല. ആ വിവാഹാലോചന ഒരു ഭാഗ്യമായി അയാള്‍ കാണണം. കാരണം, അയാള്‍ വിവാഹം കഴിക്കാന്‍ പോകുന്ന കുട്ടി മെറിറ്റില്‍ അഡ്മിഷന്‍ വാങ്ങി, മെറിറ്റില്‍ പഠിച്ച് എംബിബിഎസ് നേടി, മെറിറ്റില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പിജിക്ക് അഡ്മിഷന്‍ നേടിയ കുട്ടിയാണ്. അതായത്, ഉന്നത റാങ്കില്‍ വന്ന എത്ര മിടുക്കിയാണ് എന്ന് ആലോചിക്കണം.

മിടുക്കിയായ ആ പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്ത ഇയാളോട് നിയമത്തിന്റെ കണ്ണില്‍ ഒരു ദയവും കാണിക്കാന്‍ പാടില്ല. സമൂഹവും ഇയാളോടു ദയ കാണിക്കരുത്. കാരണം, ഇത്തരം ക്രിമികളോട്, ദുഷ്ടന്‍മാരോടു ദയ പാടില്ല. ആ കുഞ്ഞ് വിവാഹത്തിനായി എത്രമാത്രം മോഹിച്ചിരിക്കും. ആ വിവാഹം പണത്തിന്റെ കുറവുകൊണ്ട്, അതായത് സ്ത്രീധനത്തിന്റെ കുറവുകൊണ്ട് തകരുന്നു എന്നറിയുമ്പോള്‍ ആ കുട്ടി എത്രമാത്രം വേദനിച്ചിട്ടായിരിക്കും മരിച്ചത്.

മരിക്കുന്നതിനു മുന്‍പ് ഈ കുട്ടിക്ക് ആവശ്യമില്ലാത്ത സ്വപ്നങ്ങളെല്ലാം പകര്‍ന്നു കൊടുത്തുകാണും. അയാളും തിരുവനന്തപുരത്തല്ലേ ജോലി ചെയ്യുന്നത്. ഒരു പ്രണയം പോലെ ആയിക്കാണും. വിവാഹം നിശ്ചയിച്ചതുകൊണ്ട് ആ കുട്ടി എല്ലാ സ്വപ്നങ്ങളും കണ്ടു. അവസാനം പണത്തിന്റെ പേരില്‍ ഒരു ലജ്ജയുമില്ലാതെ അയാള്‍ പിന്‍മാറുമെന്നു കാണുമ്പോള്‍, ആ കുട്ടിക്കു പിടിച്ചു നില്‍ക്കാനാകില്ല. അതിന് ആ കുട്ടിയെ നമുക്കൊരിക്കലും കുറ്റം പറയാനാകില്ല. കാരണം, അതിന്റെ മനസ്സ് അതാണ്.

ജീവിതത്തില്‍ പഠനത്തിനു മാത്രം മുന്‍തൂക്കം നല്‍കി ജീവിച്ചൊരു കുഞ്ഞ്. ആ വ്യക്തി ഒരു വിവാഹം സ്വപ്നം കണ്ടു. ആള്‍ അടുത്തുണ്ടല്ലോ. നടക്കുമെന്നു പ്രതീക്ഷിച്ചു. നല്ലൊരു ഡോക്ടറാകണമെന്നും മോഹിച്ചു. അതെല്ലാം പണത്തിന്റെ പേരില്‍ തകര്‍ന്നു. ഒന്നര കിലോ സ്വര്‍ണമാണ് ചോദിച്ചത്. ഇതെല്ലാം എവിടെക്കൊണ്ടുപോയി വയ്ക്കും? പണയപ്പെടുത്തുന്ന ബാങ്കില്‍ കാണില്ല ഇത്രയും സ്വര്‍ണം. ഒന്നരക്കിലോ സ്വര്‍ണവും ഒരു ബിഎംഡബ്ല്യു കാറുമെല്ലാം സാധാരണക്കാര്‍ക്കു കൊടുക്കാന്‍ പറ്റുമോ?

അല്ലെങ്കില്‍ ആ കുട്ടിക്ക് അത്ര സ്വപ്നങ്ങള്‍ കൊടുക്കരുത്. ആദ്യത്തെ ദിവസം തന്നെ കാര്യം പറയുക. പല സമുദായങ്ങളിലും ഈ കുഴപ്പമുണ്ട്. 10 ലക്ഷം രൂപയാണ് നിശ്ചയിച്ചു വച്ചിരിക്കുന്ന തുക. ആരും ചോദിക്കാതെ തന്നെ 10 ലക്ഷം രൂപ കൊടുക്കും. നമ്മുടെ നാട്ടിലെ നാണംകെട്ട പരിപാടിയാണിത്. പല സമുദായങ്ങളിലും നിശ്ചയിച്ചുവച്ചിരിക്കുന്നത് അനുസരിച്ച്, കല്യാണം നടക്കണമെങ്കില്‍ 10 ലക്ഷം രൂപ പയ്യനു കൊടുത്തേ പറ്റൂ. സ്ത്രീധനമായിട്ടു ചോദിക്കുകയൊന്നും വേണ്ട. അല്ലാതെ തന്നെ കിട്ടും. കല്യാണ ചെലവാണെന്നാ പറയുന്നത്. നാണമുണ്ടോ? കല്യാണത്തിന്റെ ചെലവു വാങ്ങിയാണോ വിവാഹം കഴിക്കേണ്ടത്? ഒന്നുമില്ലാത്തവന്‍ കല്യാണം കഴിക്കേണ്ടെന്നേ. പെണ്ണിന്റെ വീട്ടില്‍നിന്ന് പണം വാങ്ങിവന്ന് കല്യാണം കഴിക്കാന്‍ പോകുന്നവന്‍ അതിനു നില്‍ക്കരുത്. അതൊരു പെണ്‍കുട്ടിയല്ലേ? അവളൊരു നല്ല ജീവിതം സ്വപ്നം കണ്ടു. ഈ മഹാപാപി അതു നശിപ്പിച്ചു.

ഇവന്‍ മറ്റു കാര്യങ്ങളിലൊക്കെ വലിയ ആദര്‍ശമാണ് പറയുന്നത്. ഡോ. വന്ദന മരിച്ച സമയത്തൊക്കെ ഇവന്റെ ആദര്‍ശ പ്രസംഗം ഉണ്ടായിരുന്നു. ഈ ആദര്‍ശം സ്വന്തം ജീവിതത്തിലില്ല. നല്ല വിദ്യാഭ്യാസമുള്ള ഒരു കുട്ടിയായിരുന്നു. അതിന് ഇവനെല്ലെങ്കില്‍ ഇതിലും നല്ല സുന്ദരന്‍മാരെയും മിടുക്കന്‍മാരെയും കിട്ടില്ലായിരുന്നോ. എന്തിന് ഈ അബദ്ധം കാണിച്ചു? ഇങ്ങനെയൊരു പണക്കൊതിയന്റെ കൂടെ ജീവിച്ചിട്ട് ഈ ജന്മത്തില്‍ എന്തു നേടുമായിരുന്നു?

സത്യത്തില്‍ പൈസ വേണമെന്നു പറയുന്നവനോടു പോടാ എന്നു പറയേണ്ടത് പെണ്‍കുട്ടികളാണ്. ആ ഘട്ടത്തില്‍ അതിനു വലിയ ദുഃഖം തോന്നിക്കാണും. ആഗ്രഹിച്ചു പോയതുകൊണ്ടാണ്. അവനെ വിവാഹം ചെയ്തു ജീവിക്കാന്‍ അതു മോഹിച്ചു കാണും. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകാണും. അതായിരിക്കും ഇങ്ങനെ ചെയ്തത്. അതല്ലെങ്കില്‍, നല്ല വിദ്യാഭ്യാസമുള്ള കുട്ടിയല്ലേ. പോടാ നിന്റെ പാട്ടിനെന്ന് പറയുമായിരുന്നു” – ഗണേഷ് കുമാര്‍ പറഞ്ഞു.

Top