തിരുവനന്തപുരം:ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്‌കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ പരിഹാര നിര്‍ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്ന് സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്കെല്ലാം ടെസ്റ്റ് നടത്താം.അതേസമയം പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഇതുകൊണ്ടാകില്ലെന്ന ആശങ്ക തുടരുകയാണ്. ഇതിനിടെ ഉദ്യോഗസ്ഥരെ മന്ത്രി വിമര്‍ശിച്ചു. മെയ് 1 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കണമെന്നത് തന്റെ നിര്‍ദേശം മാത്രമായിരുന്നു, ഉത്തരവല്ലായിരുന്നു, അത് ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രശ്‌നമാക്കി മാറ്റി, മാധ്യമങ്ങള്‍ക്കും വാര്‍ത്ത ചോര്‍ത്തി നല്‍കി, ആ ഉദ്യോഗസ്ഥരെയെല്ലാം കണ്ടെത്തും, അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി.
‘ആറ് മിനുറ്റുകൊണ്ടാണ് ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നത്. ഈ ആറ് മിനുറ്റ് കൊണ്ട് കൊടുക്കുന്നത് ഡ്രൈവിംഗ് ലൈസന്‍സ് അല്ല, ആളുകളെ കൊല്ലാനുള്ള ലൈസന്‍സാണ്. ഡ്രൈവിംഗ് സ്‌കൂളുകാര്‍ അടക്കം പലരും കള്ളക്കളിയാണ് കളിക്കുന്നത്. ലൈസന്‍സ് നല്‍കുന്നതില്‍ കള്ളക്കളിയുണ്ട്…”- മന്ത്രി പറഞ്ഞു.