കൊല്ലം: അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ജെസിബി ഡ്രൈവറെ കണക്കിന് വിമര്‍ശിച്ച് പത്തനാംപുരം എംഎല്‍എ കെ ബി ഗണേശ് കുമാര്‍. ജെസിബി ഡ്രൈവര്‍ അപകടകരമായ രീതിയില്‍ 380 ഡിഗ്രി വണ്ടി കറക്കി വണ്ടിയെടുക്കുന്നത് കണ്ട എംഎല്‍എ ഡ്രൈവറെ പിരിച്ചുവിടണമെന്ന് ഉടമയോടും കേസെടുത്ത് റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസിനോടും ആവശ്യപ്പെട്ടു.
നാട്ടുകാര്‍ കൂടിനില്‍ക്കേ, ഗണേശ് കുമാര്‍ വിഷയത്തില്‍ ഇടപെടുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ജെസിബി ഡ്രൈവര്‍ അപകടകരമായ രീതിയില്‍ വണ്ടി കറക്കിയതാണ് പ്രശ്നത്തിനു കാരണമെന്നാണ് വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ഉന്നയിച്ചാണ് ഗണേശ് കുമാര്‍ പൊലീസിനെ ബന്ധപ്പെട്ടത്.
താന്‍ കണ്ട കാഴ്ച അപകടകരമാണെന്നും ഈ കാഴ്ച കണ്ടുകൊണ്ട് ഒരു എംഎല്‍എയും വെറുതേ പോകാന്‍ പാടില്ലെന്നും ഗണേശ് കുമാര്‍ പറയുന്നുണ്ട്. നിന്റെ ജോലി പോയെടാ, പൊലീസ് വരട്ടെ, നീ ജയിലിലാകും എന്ന് ഡ്രൈവറോട് കയര്‍ക്കുന്നുമുണ്ട്. പൊലീസ് വന്നതിനു ശേഷം മാത്രമേ സാര്‍ പോകാവൂ എന്ന് നാട്ടുകാര്‍ ഗണേശ് കുമാറിനോട് ആവശ്യപ്പെട്ടു.
‘ഇവനെ പിരിച്ചുവിട്ടുകൊണ്ടുളള പരിപാടിയേയുളളൂ.അവന്‍ ഹിറ്റാച്ചി വച്ച് അപകടകരമായ വിധത്തില്‍ കറക്കി. ഞാന്‍ ഉള്‍പ്പെടെ മൂന്ന് പേരെങ്കിലും ഇപ്പോള്‍ മരിച്ചേനെ. ഞാന്‍ വണ്ടി ഇറങ്ങി നോക്കിയപ്പോള്‍, അവന്‍ ഹിറ്റാച്ചി വച്ച് 360 ഡിഗ്രി വാഹനം കറക്കി. അതും മുഴുവന്‍ വേഗതയില്‍. ഈ നിലയില്‍ വാഹനം കറക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല. അവന്ഒരു കൂസലുമില്ല’ -ഗണേശ് കുമാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സംഭവം കടക്കല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞ ഗണേഷ് കുമാര്‍ ഡ്രൈവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്
https://www.facebook.com/1685036214938675/videos/485741532242728/