സുകുമാരന്‍ നായരുടെ അഭിപ്രായം ഇടതു സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ ബാധിക്കില്ല; ഗണേശ് കുമാര്‍

Ganesh kumar

കൊച്ചി: ജി സുകുമാരന്‍ നായരുടെ അഭിപ്രായം സംസ്ഥാനത്തെ ഇടതു സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് ഗണേശ് കുമാര്‍. സുകുമാരന്‍ നായര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുന്നാക്ക സംവരണത്തിലൂടെ മന്നത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

എന്‍എസ്എസുമായി പ്രശ്ന പരിഹാരത്തില്‍ ഇടപെടേണ്ടത് അച്ഛനെ പോലുള്ള സീനിയര്‍ നേതാക്കളാണെന്നും തന്നെപ്പോലെയുള്ളവര്‍ മധ്യസ്ഥനാകേണ്ട ആവശ്യമില്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞു. എന്‍എസ്എസിന്റെ തെറ്റിദ്ധാരണ മാറുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

ശബരിമല വിഷയം യുഡിഎഫ് ഉപയോഗിച്ചത് ഗതികേടിന്റെ ഭാഗമായാണെന്നും അറ്റകൈ പ്രയോഗം എന്ന നിലയില്‍ ബിജെപിയേക്കാള്‍ മോശമായി ശബരിമല യുഡിഎഫ് ഉപയോഗിച്ചുവെന്നും ഗണേശ് കുമാര്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണ ശ്രമം യുഡിഎഫ് നടത്തിയത് വേദനാ ജനകമാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

സിപിഐക്ക് തന്നോട് വൈരമില്ല. വൈരമുണ്ടെന്ന് യുഡിഎഫ് നടത്തിയത് വ്യാജ പ്രചാരണമാണ്. പ്രചാരണത്തിന് മോഹന്‍ലാലടക്കം താരങ്ങളെ കൊണ്ടുവരാഞ്ഞത് കൊവിഡ് കണക്കിലെടുത്താണ്. നിവിന്‍ പോളി, മനോജ് കെ ജയന്‍ എന്നിവര്‍ വോട്ടു തേടി വീഡിയോ അയച്ചു തന്നു. അമ്മയിലെ നോമിനേഷന്‍ ഒപ്പിട്ടു തന്നത് കഴിഞ്ഞ തവണ എതിരാളിയായിരുന്ന നടന്‍ ജഗദീഷാണ്. ഭീമന്‍ രഘു പ്രചാരണത്തിന് വരാമെന്ന് പറഞ്ഞെങ്കിലും താനാണ് നിരുത്സാഹപ്പെടുത്തിയതെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

 

Top