സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയെന്ന സംവിധാനം വേണോയെന്ന് കെ.ബി. ഗണേഷ് കുമാര്‍

തിരുവനന്തപുരം : സര്‍ക്കാരിന്റെ പണം പാഴാക്കാനായി സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയെന്ന സംവിധാനം വേണോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്ന് പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍.

പ്രളയകാലത്ത് ഒരു ഇടപെടലും നടത്താന്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിലടക്കം മുന്നിട്ട് നിന്നത് പൊലീസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരുമാണ്. അതില്‍ പല ഉദ്യോഗസ്ഥരും പ്രശംസനീയമായി തന്നെ പ്രവര്‍ത്തിച്ചു. പക്ഷെ ഇവിടെ ദുരന്ത നിവാരണ അതോറിറ്റി പരമാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാവിലെ വന്ന് അഞ്ച് മണിക്ക് ഓഫീസില്‍ നിന്ന് പോകുന്ന സംവിധാനമാണ് ഇത്. ഇങ്ങനെയുള്ള സംവിധാനം കൊണ്ട് സംസ്ഥാനത്തിന് ഗുണമില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം മുടക്കി ഫയര്‍ഫോഴ്‌സിന് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ പോലും അതോറിറ്റി തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കായലുകളും നദികളും ഉള്ള പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ക്കും ഫയര്‍ സ്റ്റേഷനുകള്‍ക്കും കരുത്തേറിയ എന്‍ഞ്ചിനുള്ള ഡിങ്കി ബോട്ടുകള്‍ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

പ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top