മോഹൻലാലിന് തുറന്ന കത്തുമായി ഗണേഷ് കുമാർ

കൊച്ചി: ഇടവേള ബാബുവിന്റെ അമ്മ സംഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തെക്കുറിച്ച്‌ കെബി ഗണേഷ് കുമാര്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അയച്ച കത്ത് പുറത്ത്.

അമ്മ സംഘടന ക്ലബാണെന്ന് പരാമര്‍ശം നടത്തിയ ഇടവേള ബാബു ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ എന്നു ഗണേഷ് കുമാര്‍ കത്തില്‍ ചോദിക്കുന്നു. ഇത്തരത്തില്‍ ഒന്‍പതോളം ചോദ്യങ്ങളാണ് കത്തിലുള്ളത്.

ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതിയാണെന്നും ഇത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഒരു കേസ് വന്നപ്പോള്‍ ദിലീപ് അമ്മയില്‍ നിന്ന് രാജി വയ്ക്കുന്ന സമീപനമുണ്ടായി. എന്നാല്‍ വിജയ് ബാബുവിന്റെ കാര്യത്തില്‍ അത്തരമൊരു സമീപനം എന്തുകൊണ്ടു ഉണ്ടാവുന്നില്ല.

കേരളീയ സമൂഹം അമ്മയെ പ്രതീക്ഷയോടെയാണ് കാണുന്നത്. വിജയ് ബാബുവിന് നല്‍കുന്ന ആനുകൂല്യങ്ങള്‍ അമ്മയ്‌ക്കെതിരായ വികാരങ്ങള്‍ ഉയര്‍ത്തും. വിജയ് ബാബുവിന്റെ മാസ് എന്‍ട്രി വീഡിയോ അമ്മയുടെ യുട്യൂബില്‍ പ്രസിദ്ധീകരിച്ചത് തെറ്റാണ്.

ബിനീഷ് കോടിയേരിയുടേത് സാമ്ബത്തിക കുറ്റമാണ്. അതും പീഡന കേസും തമ്മില്‍ എന്തിനാണ് താരതമ്യം ചെയ്യുന്നത്. ജഗതി ശ്രീകുമാറിനെ അപമാനിക്കാന്‍ ഇടവേള ബാബു ശ്രമിച്ചത് എന്തിനായിരുന്നു.

ചില ആനുകൂല്യങ്ങളും സിനിമയിലെ അവസരങ്ങളും മുന്‍നിര്‍ത്തി പലരും അഭിപ്രായങ്ങള്‍ പറയാന്‍ മടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്.

അമ്മയുടെ അംഗത്വ ഫീസ് ഉയര്‍ത്തിയതിനേയും അദ്ദേഹം ചോദ്യം ചെയ്തു. ഫീസ് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയത് പാവപ്പെട്ട നടീ നടന്‍മാര്‍ക്ക് ഈ സംഘടനയിലേക്ക് കടന്നു വരാന്‍ തടസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

തന്റെ ചോദ്യങ്ങള്‍ക്കെല്ലാം മോഹന്‍ലാല്‍ മറുപടി പറയുമെന്നാണ് പ്രതീക്ഷ. അദ്ദേഹം മൗനം വെടിയണം. നേരത്തെയും കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ അതിനൊന്നും മറുപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വിഷയങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ച്‌ കത്തയയ്ക്കുന്നതെന്നും ഗണേഷ് കുമാര്‍ പറയുന്നു.

Top