മുംബൈ : വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന് യുവാവ് സംഘം ചേര്‍ന്ന് ഗ്രൂപ്പ് അഡ്മിനെ ആക്രമിച്ച് പ്രതികാരം തീര്‍ത്തു. മുംബൈ അഹമ്മദ് നഗര്‍ സ്വദേശിയായ ശിവാജി ഭോറാണ് മൂന്ന് പേരുടെ ആക്രമത്തിനിരയായത്. മേയ് 17നാണ് സംഭവം നടന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അഹമ്മദ് നഗറിലെ കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥിയായ ചൈതന്യയാണ് കോളേജിലെ കുട്ടികളെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഇതില്‍ ശിവാജിയും ഒരു അഡ്മിനായിരുന്നു. എന്നാല്‍ അടുത്തിടെ കോളേജ് വിട്ടുപോയ സച്ചിന്‍ ഗഡാക്കിനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയത് തനിക്കേറ്റ അപമാനമായി തോന്നിയ സച്ചിന്‍ കൂട്ടുകാരുടെ സഹായത്തോടെ ശിവാജിയെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരത്തില്‍ ആഴത്തില്‍ പരിക്കേറ്റ ശിവാജിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇയാളെ പിന്നീട് പൂനെയിലേക്ക് കൊണ്ടുപോയി.