പുനെ: പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആക്രമിച്ച് സംഘപരിവാര്‍. ആനന്ദ് പട്വര്‍ധന്റെ ‘റാം കെ നാം’ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെയാണ് സംഭവം. സുരക്ഷാ ജീവനക്കാര്‍ നോക്കിനില്‍ക്കെ കാമ്പസിനുള്ളില്‍ പ്രവേശിച്ച സംഘം വിദ്യാര്‍ഥികളെ മര്‍ദിക്കുകയും പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു. ജനുവരി 23ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് 20-25 പേരടങ്ങുന്ന സംഘം കാമ്പസില്‍ കയറിയത്. സംഘം ജയ്ശ്രീറാം മുഴക്കുകയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് മങ്കപ് നോക്വോഹാമിനെ അകാരണമായി അടിക്കുകയും ചെയ്തു. പരുക്കേറ്റ മങ്കപ്, കാമ്പസ് ഡയറക്ടറുടെ റൂമില്‍ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പിന്നാലെ കാമ്പസിലെ സുരക്ഷാ ജീവനക്കാരോട് കാര്യം തിരക്കാനെത്തിയ സ്റ്റുഡന്റസ് അസോസിയേഷന്‍ സെക്രട്ടറി സായന്തനെയും സംഘം മര്‍ദിച്ചു. പിടിച്ചുമാറ്റാനെത്തിയ വിദ്യാര്‍ഥിനികളെയും തല്ലിയതായി പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റസ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അക്രമിസംഘം കാമ്പസിലെ വസ്തുവകകളും നശിപ്പിച്ചു. ഈ സമയങ്ങളിലെല്ലാം സുരക്ഷാ ജീവനക്കാര്‍ വെറുതെ നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും പോലീസ് യാതൊരുവിധ നടപടിയും സ്വീകരിക്കാതെ അവരെ പറഞ്ഞുവിടുകയായിരുന്നു എന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ജനുവരി 21ന് സമാനമായി ഒരു സംഘം ആളുകള്‍ കാമ്പസിന് വെളിയില്‍ തടിച്ചുകൂടിയിരുന്നു. അന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടപ്പോള്‍ രജിസ്ട്രാറും സെക്യൂരിറ്റി ഓഫിസറും സുരക്ഷാ ഉറപ്പ് നല്‍കിയിരുന്നതായി പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഒപ്പം, മാധ്യമങ്ങള്‍ ആരോപിക്കുന്ന കാര്യങ്ങളെയും പ്രസ്താവന തള്ളിക്കളയുന്നു. രണ്ടുസംഘങ്ങള്‍ തമ്മിലുള്ള ആക്രമണമായാണ് മാധ്യമങ്ങള്‍ സംഭവത്തെ ചിത്രീകരിക്കുന്നത്. ഇത് തെറ്റാണ്. ‘ഒരുസംഘം ഗുണ്ടകള്‍ കാമ്പസില്‍ കയറി വിദ്യാര്‍ഥികളെ നിര്‍ദാക്ഷണ്യം തല്ലുകയാണ് ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും നോക്കിനില്‍ക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ മൗലികാവകാശത്തിന് മേലുള്ള ആക്രമണമാണ് നടന്നത്’ പ്രസ്താവന പറയുന്നു.
ജനുവരി 22ന് കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സമാന സംഭവം ഉണ്ടായിരുന്നു. ‘റാം കെ നാം’ പ്രദര്‍ശിപ്പിക്കുന്നതിരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് കാമ്പസിനുള്ളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയായിരുന്നു.