ഗംഗ ശുചീകരണത്തെ ലക്ഷ്യമിട്ട് മോദി സർക്കാർ തുടങ്ങി വെച്ച പദ്ധതിയുടെ മൂന്നിൽ ഒന്ന് മാത്രമെ പൂർത്തീകരിച്ചിട്ടുള്ളു. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ .
ഗംഗ ശുചീകരണത്തിനായി ഉള്ള ഫണ്ടായ 20000 കോടി രൂപയിൽ നിന്നും ഏതാണ്ട്, 6,000 കോടി രൂപ മാത്രമാണ് നൽകിയത്. നദിയുടെ പുനരുദ്ധാരണത്തിനായി നൽകാം എന്ന് വാഗ്ദാനം ചെയ്തിരുന്ന പണത്തിന്റെ മൂന്നിൽ ഒന്ന് മാത്രമാണ് ഇതിനായി ചിലവഴിച്ചിട്ടുള്ളത്. ‘നമമി ഗംഗേ പ്രോഗ്രാം’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നാല് വർഷങ്ങൾക്ക് മുമ്പ് എൻ. ഡി. എ സർക്കാരാണ് തുടക്കം കുറിച്ചത്. ഇതിലും ഏറ്റവും അതിശയോക്തി നിറഞ്ഞ മറ്റൊരു വസ്തുത കൂടി ഉണ്ട്. ഇത്രയും പണം ചിലവഴിച്ചത് നാഷണൽ മിഷൻ ഫോർ ഗംഗ ക്‌ളീൻ(എൻ. എം. സി. ജി) എന്ന പദ്ധതിയും അല്ല. മറ്റ് സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തം ഉണ്ടാകും എന്ന് പറഞ്ഞിട്ട് ഇതുവരെ അതും നടന്നിട്ടില്ല.
2011 ഓഗസ്റ്റ് 11-നാണ് യു. പി. എ സർക്കാർ എൻ. എം. സി. ജി എന്ന പദ്ധതിയുമായി മുന്നോട്ട് വരുന്നത്. പിന്നീട്, ബി. ജെ. പി അധികാരത്തിൽ വന്നപ്പോൾ, ഈ പദ്ധതിയെ പുനർസ്ഥാപിച്ചിരുന്നു. ഗംഗയിലെ മാലിന്യത്തെ നീക്കം ചെയ്യാനും ഗംഗയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് 2014-ൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ എങ്ങും എത്താതെ നിൽക്കുന്നു എന്ന് കണ്ടെത്തിയത്. പദ്ധതിക്കായി സർക്കാർ ജൂൺ 30-ന് നൽകിയ പണം, വാഗ്‌ദാനം ചെയ്തതിന്റെ ഒരു അംശം പോലും ആകുന്നില്ല. 2014-15 ബഡ്ജറ്റിൽ, ‘നമമി ഗംഗേ’ പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ നൽകിയ 2,037 കോടി രൂപയിൽ നിന്ന് ഏതാണ്ട് 326 കോടി മാത്രമേ ലഭിച്ചിരുന്നുള്ളു എന്നാണ് വിവരാവകാശ പ്രകാരം എടുത്ത റിപ്പോർട്ടിൽ പറയുന്നത്.