ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പോലീസ് സംഘം പിടികൂടിയത്. ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച കൂട്ടാളികളായ രണ്ടു പേരെ കൂടി പോലീസ് വധിച്ചതിന് പിന്നാലെയാണ് വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ചത്. ഡിഎസ്പി അടക്കം എട്ട് പോലീസുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെ ഒളിവില്‍ പോവുകയായിരുന്നു.
ഹരിയാനയിലെ ഫരീദാബാദിലെ ബാദ്കല്‍ ചൗക്ക് പ്രദേശത്തെ ഒരു ഹോട്ടലില്‍ വികാസ് ദുബെ ഒളിവില്‍ താമസിച്ചിരുന്നുവെന്ന് വിവരം ലഭിച്ച് പോലീസ് എത്തിയിരുന്നുവെങ്കിലും ഇയാള്‍ കടന്നു കളഞ്ഞു. ദുബെയെ അറസ്റ്റ് ചെയ്യാന്‍ യുപി പോലീസ് 25 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് തെരച്ചില്‍ വ്യാപകമാക്കിയത്.