കോലിക്കു പകരം രോഹിത്തിനെ നായകനാക്കിയതിനു പിന്നിലെ കാരണം വ്യക്തമാക്കി ഗാംഗുലി

ഡല്‍ഹി:  2022ല്‍ വിരാട് കോലി സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് രോഹിത് ശര്‍മയെ സീനിയര്‍ ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനാക്കിയത്. അന്നത്തെ ബിസിസിഐ തലവനായ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി കോലിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു നായകപദവിയിലെ ഈ മാറ്റം. കോലിക്കു പകരം രോഹിത്തിനെ നായകനാക്കിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് ഗാംഗുലി.

മുംബൈ ഇന്ത്യന്‍സ് നായക സ്ഥാനത്തുനിന്ന് രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലില്‍ എത്തിച്ച താരമാണ് ഹാര്‍ദിക്. ഹാര്‍ദിക് ടീം മാറിയതോടെ ശുഭ്മന്‍ ഗില്ലിനെ ടൈറ്റന്‍സ് നായകനാക്കി.നിലവില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും രോഹിത്തിനു കീഴില്‍ ഇന്ത്യ സ്വന്തമാക്കി. സ്വന്തം മണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 17-ാം ടെസ്റ്റ് പരമ്പര ജയമാണിത്. അവസാന ടെസ്റ്റ് മാര്‍ച്ച് 7ന് ധരംശാലയില്‍ ആരംഭിക്കും.

”ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് പ്രകടമായിരുന്നു. അഞ്ചു തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടനേട്ടത്തിലേക്ക് എത്തിച്ച രോഹിത്തിന്റെ പ്രകടനം അദ്ദേഹത്തെ നായകനാക്കാനുള്ള തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ രോഹിത്തിനായി. ഫൈനലില്‍ തോറ്റെങ്കിലും അതുവരെയുള്ള മുഴുവന്‍ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ മുന്നേറിയത്. ടൂര്‍ണമെന്റിലെ മികച്ച ടീമും ഇന്ത്യയായിരുന്നു” -ഗാംഗുലി പറഞ്ഞു.

Top