ഐസിസിയെ നയിക്കാനുള്ള രാഷ്ട്രീയ മികവ് ഗാംഗുലിക്കുണ്ട്; തുറന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍

ന്യൂഡല്‍ഹി: ഐസിസി നയിക്കാനുള്ള ‘രാഷ്ട്രീയ മികവ്’ മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ഗോവര്‍. താരതമ്യേന ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് കാഴ്ചവയ്ക്കുന്ന മികവാര്‍ന്ന പ്രവര്‍ത്തനം ഐസിസിയെ നയിക്കാനും ഗാംഗുലിക്കു കഴിയുമെന്നതിന്റെ തെളിവാണെന്ന് ഗോവര്‍ അഭിപ്രായപ്പെട്ടു.

ഭാവിയില്‍ ഗാംഗുലി ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്തുമെന്ന് തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്ര നാളത്തെ അനുഭവത്തില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയൊരു കാര്യമുണ്ട്. ബിസിസിഐയെ നയിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ചില പ്രത്യേക കഴിവുകള്‍ കൂടിയേ തീരൂ. വിദഗ്ധനായ ഒരു രാഷ്ട്രീയക്കാരനു മാത്രം കഴിയുന്ന മികവോടെയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നല്ല തുടക്കം കുറിച്ചതെന്നും ഗോവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് ഗോവര്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ വളരെ ഭാരിച്ച ചുമതലയാണ് ഗാംഗുലിക്കുമേല്‍ ഉള്ളത്. എങ്കിലും ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഉജ്വലം എന്ന് പറയാതെ വയ്യ. എല്ലാവര്‍ക്കും ചെവികൊടുത്തും സ്വന്തം നിലപാട് ഉറപ്പിച്ചു പറഞ്ഞുമാണ് അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചത്’ ഗോവര്‍ പറഞ്ഞു.

Top