മിന്നും താരമായി ധോണി മാറിയതിന് കാരണക്കാരൻ സൗരവ് ഗാംഗുലി; സെവാഗ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമായി മഹേന്ദ്ര സിംഗ് ധോണി മാറിയതിനു കാരണക്കാരൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്.

ബാറ്റിംഗ് ഓർഡറിൽ ധോണിക്ക് സ്ഥാനക്കയറ്റം നൽകാൻ അന്ന് ഗാംഗുലി തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ ധോണി എന്ന മികച്ച ബാറ്റ്സ്മാൻ ഉണ്ടാവില്ലായിരുന്നുവെന്ന് സെവാഗ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ടീമിന് മികച്ച തുടക്കം ലഭിച്ചാൽ ഗാംഗുലി മൂന്നാമനായിത്തന്നെ ഇറങ്ങട്ടെയെന്നും അല്ലാത്തപക്ഷം ഇർഫാൻ പത്താനെയോ ധോണിയേയോ പോലെ ഉള്ള വമ്പനടിക്കാരെ ഇറക്കാമെന്നുമായിരുന്നു തീരുമാനം. ഈ തീരുമാനമാണ് ധോണിയുടെ ക്രിക്കറ്റ് ജീവിതം തന്നെ മാറ്റിമറിച്ചത്- സെവാഗ് പറഞ്ഞു.

എല്ലാക്കാലത്തും യുവതാരങ്ങൾക്ക് അവസരങ്ങൾ ലഭിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു ഗാംഗുലിയെന്നും സെവാഗ് കൂട്ടിച്ചേർത്തു.

ധോണിയുടെ വളർച്ചയിൽ രാഹുൽ ദ്രാവിഡ് വഹിച്ച പങ്ക് ചെറുതല്ലെന്നും വിരേന്ദർ സെവാഗ് പറഞ്ഞു.

ദ്രാവിഡ് ക്യാപ്റ്റനായിരുന്ന കാലത്താണ് ധോണി മികച്ച ഫിനിഷറായി മാറിയതെന്നും താരം അഭിപ്രായപ്പെട്ടു.

Top