കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബിസിസിഐ സെലക്ടമാര്‍ക്ക് മുന്നിലുള്ളത്. സെപ്റ്റംബര്‍ 5 ആണ് സ്‌ക്വാഡ് പട്ടിക ഐസിസിക്ക് കൈമാറാനുള്ള സമയപരിധി. ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ച 17 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് വലിയ മാറ്റം ഏകദിന ലോകകപ്പ് ടീമിലുണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള തന്റെ ടീമിനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മികച്ച യുവതാരങ്ങളെ ഒഴിവാക്കിയാണ് ഗാംഗുലി ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മുന്‍ ബിസിസിഐ അധ്യക്ഷന്‍ തന്റെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തത്.
രോഹിത് ശര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും ടീമിന്റെ ഓപ്പണര്‍മാരായി ഗാംഗുലി തെരഞ്ഞെടുത്തു. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ കളിക്കും. വിരാട് കോലി നാലാം നമ്പറിലും ശ്രേയസ് അയ്യര്‍ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യും. അതേസമയം ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുലിനെയാണ് ദാദ തെരഞ്ഞെടുത്തത്. കൂടാതെ സൂര്യകുമാര്‍ യാദവിനും ടീമില്‍ അവസരം നല്‍കി. സഞ്ജു സാംസണ്‍, പ്രശസ്ത് കൃഷ്ണ, തിലക് വര്‍മ്മ എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധേയമാണ്.
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് സൗരവ് ഗാംഗുലി ലോകകപ്പിനുള്ള ഓള്‍റൗണ്ടര്‍മാരായി തെരഞ്ഞെടുത്തത്. കുല്‍ദീപ് യാദവിലും തനിക്ക് പ്രതീക്ഷയുണ്ടെന്ന് ദാദ പറയുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഫാസ്റ്റ് ബൗളര്‍മാരായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്.