എപ്പോഴും മാസ്‌ക് ധരിച്ച് ഇരിക്കാനാവില്ല; പന്തിനെ പിന്തുണച്ച് ഗാംഗുലി

ലണ്ടന്‍: മാസ്‌ക് പോലും ധരിക്കാതെ യൂറോ കപ്പ് മത്സരം കാണാന്‍ പോയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ ശേഷം ക്രിക്കറ്റ് താരങ്ങള്‍ ബയോ സെക്യുര്‍ ബബ്ബിളിലായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ അവരോട് മുഴുവന്‍ സമയവും മാസ്‌ക് ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.

യൂറോ കപ്പിലെയും വിംബിള്‍ഡണിലെയും മത്സരങ്ങള്‍ക്ക് കാണികളെ അനുവദിച്ചിരുന്നത് നമ്മള്‍ കണ്ടതാണ്. ഇന്ത്യന്‍ താരങ്ങളാകട്ടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം അവധിയിലും. ഈ സാഹചര്യത്തില്‍ കളിക്കാര്‍ മത്സരങ്ങള്‍ കാണാന്‍ പോയതിനെയോ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കാതിരുന്നതിനെയോ കുറ്റപ്പെടുത്താനാവില്ലെന്നും ഗാംഗുലി വ്യക്തമാക്കി. പന്തിന് കൊവിഡ് സ്ഥിരീകരിച്ചതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗാംഗുലി പറഞ്ഞു.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ട്-ജര്‍മനി യൂറോ പ്രീ ക്വാര്‍ട്ടര്‍ മത്സരം കാണാനാണ് റിഷഭ് പന്ത് സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റേഡിയത്തിലെത്തിയത്. മാസ്‌ക് പോലും ധരിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രം റിഷഭ് പന്ത് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ജൂലെ എട്ടിനാണ് റിഷഭ് പന്തിന് കൊവിഡ് സ്ഥീരീകരിച്ചത്. ഇതിനുശേഷം എട്ടു ദിവസമായി പന്ത് ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനിലാണ്. പന്തിന് രോരോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

പന്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ത്രോ ഡൗണ്‍ സ്‌പെഷലിസ്റ്റായ ദയാനന്ത് ഗരാനിയ്ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഗരാനിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ സ്റ്റാന്‍ഡ് ബൈ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ എന്നിവരെ ടീം ഹോട്ടലില്‍ അവരവരുടെ മുറികളില്‍ ഐസോലേഷനിലാക്കി. 10 ദിവസം ഐസൊലേഷനില്‍ കഴിഞ്ഞശേഷം വീണ്ടും പരിശോധനകള്‍ക്ക് വിധേയരായശേഷമെ ഇവര്‍ക്ക് ടീമിനൊപ്പം ചേരാനാകു.

ഇതോടെ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന കൗണ്ടി ഇലവനെതിരായ പരിശീലന മത്സരത്തിലും ഇവര്‍ക്ക് പങ്കെടുക്കാനാവില്ല. ഇന്ത്യന്‍ ടീമിലെ ശേഷിക്കുന്നവര്‍ 20 ദിവസത്തെ വിശ്രമത്തിനുശേഷം ഇന്നലെ ഡര്‍ഹാമിലേക്ക് പോയി.

 

Top