ഷെമീറിന്റെ മരണം ക്രൂരമർദ്ദനമേറ്റ് ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

deadbody

തൃശൂർ : കഞ്ചാവ് കേസിലെ പ്രതിയായിരുന്ന ഷെമീര്‍ റിമാൻഡിലിരിക്കെ മരിച്ചത് ക്രൂരമർദ്ദനത്തിനിരയായിട്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ഷെമീറിന്റെ ശരീരത്തിനേറ്റ നാൽപ്പതിലേറെ മുറിവുകളും തലക്കേറ്റ ക്ഷതവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് സെന്ററിൽ വെച്ച് ഷെമീറിന് മർദ്ദനമേറ്റതായി ഭാര്യയും മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.

തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് കഴിഞ്ഞ മാസം 29-നാണ് 10 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. റിമാൻഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കോവിഡ് സെന്‍ററിലേക്ക് മാറ്റിയിരുന്നു. ഷെമീറിനെ അപസ്മാരബാധയെ തുടര്‍ന്ന് സെപ്തംബര്‍ 30-ന് തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ വെച്ച് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിക്കവേ ജയില്‍ ജീവനക്കാർ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു.

അന്നു തന്നെ കൊവിഡ് സെന്‍ററിലേക്ക് തിരികെ കൊണ്ടു വന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഷെമീറിന്റെ ശരീരം മുഴുവൻ അടിയേറ്റ മുറിവുകൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഡോക്ടർമാർ ഷെമീറിനെ സർജിക്കൽ വാർഡിലേക്കാണ് മാറ്റിയത്. എന്നാല്‍ പിറ്റേ ദിവസം പുലര്‍ച്ചെ ഷെമീര്‍ മരിച്ചു. തലക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്.

ഷെമീറിന്‍റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. വടി കൊണ്ട് അടിച്ചതെന്നാണ് സൂചന. ശരീരത്തില്‍ 40-ലേറെ മുറിവുകളുണ്ട്. ദേഹം മുഴുവൻ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശരീരത്തിന്‍റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാണ്. ജനറല്‍ ആശുപത്രിയില്‍ നിന്ന് തിരികെയെത്തിച്ച ശേഷം കോവിഡ് സെന്‍ററിൽ വെച്ച് ഷെമീറിനെ ജയില്‍ ജീവനക്കാര്‍ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

Top