യാചകനായി അഭിനയിച്ച് കഞ്ചാവ് കടത്തല്‍; ചിറയിന്‍കീഴ് സ്വദേശി പൊലീസ് പിടിയില്‍

തിരുവനന്തപുരം: യാചകനായി അഭിനയിച്ച് കഞ്ചാവ് കടത്തിയ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഷാനവാസ് പൊലീസ് പിടിയില്‍. ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

ആന്ധ്രയില്‍ നിന്നാണ് ഷാനവാസ് യാചകനായി യാത്ര തുടങ്ങുന്നത്. നിലത്ത് തുണിവിരിച്ച് കിടന്നും ഭാണ്ഡക്കെട്ടില്‍ തലചായ്ച്ചും ഉറങ്ങിയുള്ള ഷാനവാസിന്റെ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ പാടെ മാറും. ട്രെയിനിന്റെ ശുചിമുറിയില്‍ കയറി വസ്ത്രം മാറി വിലകൂടിയ ഷര്‍ട്ടും പാന്റും കണ്ണടയും ധരിച്ച് ട്രെയിനില്‍ നിന്നും കോടീശ്വരന്‍ ലുക്കില്‍ ഇറങ്ങും. പിന്നെ തിരിച്ചറിയാന്‍ തന്നെ പ്രയാസം.

ഷാനവാസിന്റെ ഈ സാഹസിക യാത്രയെ പറ്റി എക്‌സൈസ് വകുപ്പിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കഞ്ചാവ് കടത്ത് എന്ന ഉദ്ദേശം ഇയാളുടെ യാത്രക്ക് പിന്നില്‍ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുന്നതിനായി ഷാഡോ സംഘത്തെ നിയോഗിക്കുകയായിരുന്നു. കൊല്ലം ജില്ലയില്‍ പാരിപ്പള്ളിയില്‍ നിന്നും കടത്തിക്കൊണ്ട് വന്ന കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ ഷാനവാസ് പിടിയിലാവുകയായിരുന്നു.

കഞ്ചാവ് കടത്ത് കേസില്‍ ആദ്യമായല്ല ഷാനവാസ് എക്സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്. ചാത്തന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. നിജമോന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top