‘എനിക്ക് ശ്വാസം മുട്ടുന്നു’, ഗാർണർ കേസിന്റെ അന്വേഷണം ആരംഭിച്ചു

ന്യൂയോര്‍ക്ക്: പൊലീസുകാരന്റെ വര്‍ണവെറിക്കിരയായ കറുത്ത വര്‍ഗക്കാരനായ എറിക് ഗാര്‍ണറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അപൂര്‍വമായ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. ഗാര്‍ണറുടെ അമ്മ ഗ്വെന്‍ കാറും, മറ്റ് അക്ടിവിസ്റ്റുകളും നല്‍കിയ ഹര്‍ജിയിലാണ് ജുഡീഷ്യല്‍ അന്വേഷണം. സുപ്രീം കോടതി ജസ്റ്റിസ് എറിക്ക എഡ്വേര്‍ഡ്‌സിന് മുമ്പാകെ വെര്‍ച്വലായാണ് അന്വേഷണ നടപടികള്‍ ആരംഭിച്ചത്.

ഇതിന്റെ ഭാഗമായുള്ള ഗാര്‍ണര്‍ കൊല്ലപ്പെടുന്ന സമയത്ത് സ്റ്റാറ്റന്‍ ഐലന്‍ഡിലെ കമാന്‍ഡറായിരുന്ന ലെഫ്റ്റനന്റ് ക്രിസ്റ്റഫര്‍ ബാനന്റെ മൊഴി കോടതി രേഖപ്പെടുത്തി.2014ലാണ് അനധികൃതമായി സിഗരറ്റ് വിറ്റതിനു പിടിയിലായ എറിക് ഗാര്‍ണറെ സിറ്റി പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയല്‍ പണ്ടാലിയോ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്‍ കഴുത്ത് ഞെരിക്കുന്നതിനിടെ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് ഗാര്‍ണര്‍ നിലവിളിച്ചിരുന്നു.ഈ വാക്കുകളാണ് പിന്നീട് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായത്.

അതേസമയം ഗാര്‍ണര്‍ മരണപ്പെടുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്താന്‍ സംസ്ഥാന, ഫെഡറല്‍ തലങ്ങളിലെ പ്രോസിക്യൂട്ടര്‍മാര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഡാനിയല്‍ പണ്ടാലിയോയെ പിരിച്ച് വിട്ടത്.

 

Top