Gas agency owner-murder-valanchery

MURDER

മലപ്പുറം: വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി നടത്തിയിരുന്ന വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാരാണെന്നു കോടതി.

മഞ്ചേരി സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. പ്രതികളായ വിനോദ് കുമാറിന്റെ ഭാര്യ ജസീന്ത ജോജ് എന്ന ജ്യോതി, സുഹൃത്ത് യൂസഫ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

ഇരുവര്‍ക്കുമുള്ള ശിക്ഷ കോടതി ഇന്നു ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും. 2015 ഒക്ടോബര്‍ ഒമ്പതിനാണ് വിനോദ് കുമാര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്.

കേസില്‍ ജ്യോതിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിനു പുറമേ കൊലപാതകത്തില്‍ ജ്യോതിക്കു നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതിനാലാണ് ഒന്നാം പ്രതിയാക്കിയത്.

വിനോദിനെ ആദ്യം വെട്ടിയതു ജ്യോതിയാണെന്നാണു രണ്ടാംപ്രതി മുഹമ്മദ് യൂസഫിന്റെ മൊഴി. പിന്നീട് അരിശം തീരുംവരെ തുരുതുരാ വെട്ടിയെന്നും മൊഴിയില്‍ പറയുന്നു.

ഇക്കാര്യം ജ്യോതി പിന്നീട് പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ വിനോദ് കുമാര്‍ രണ്ടാം ഭാര്യയ്ക്കും മക്കള്‍ക്കും എഴുതി കൊടുക്കുമെന്ന ഭയം മൂലമാണ് കൊലപ്പെടുത്തിയത്.

കൊല നടന്നതിന്റെ പിറ്റേന്നു തന്നെ രണ്ടാം പ്രതി യൂസഫിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജ്യോതിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞത്.

കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ സുഹൃത്ത് ആണ് യൂസഫ്. കൊലയ്ക്ക് പ്രതിഫലമായി യൂസഫിന് ജ്യോതി ഫ്‌ളാറ്റ് വാഗ്ദാനം ചെയ്തിരുന്നു.

Top