ലോറിയിൽനിന്ന് ഗ്യാസ് സിലിണ്ടർ തെറിച്ചുവീണ് 6 വയസ്സുകാരന്റെ കാലൊടിഞ്ഞു

പത്തനംതിട്ട:  അമിതവേഗത്തിൽ പോയ മിനി ലോറിയിൽനിന്ന് പാചകവാതക സിലിണ്ടർ തെറിച്ചുവീണ്  വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു. ഇളകൊള്ളൂർ സോപാനത്തിൽ ബിജുകുമാറിന്റെ മകൻ രോഹിത്തിന്റെ ഇടതുകാലാണ് ഒടിഞ്ഞത്.

കോന്നിയിൽനിന്ന് വട്ടക്കാവിലെ ഗോഡൗണിലേക്കു പോയ മിനിലോറിയിൽനിന്നാണ് റോഡിനു താഴെയുള്ള വീട്ടിലേക്ക് കാലിയായ സിലിണ്ടർ തെറിച്ചു വീണത്. വരാന്തയിൽ മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്.

വീട്ടുകാർ അതുവഴി വന്ന കാറിൽ കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Top