ഗുവഹാത്തി:കോവിഡിലും വെള്ളപ്പൊക്കത്തിനിടയിലും അസം മറ്റൊരു പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി അപ്പര്‍ ആസാമിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കിണര്‍ പ്രകൃതിവാതകം ചോരുകയാണ്.
ടിന്‍സുകിയ ജില്ലയിലെ ബാഗ്ജന്‍ ഗ്രാമത്തിലാണ് കിണറുള്ളത്. എണ്ണ കിണറ്റില്‍ നിന്ന് 1.5 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ടായിരത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ ഭാഗത്ത് നിന്നും പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും കമ്പനി തേടിയിട്ടുണ്ട്. അസം സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്രസര്‍ക്കാരും ഓയില്‍ ഇന്ത്യ കമ്പനിയും വിദഗ്ധരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
കിണറിനുള്ളിലെ പ്രഷര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് തകരാറ് സംഭവിച്ച് ക്രൂഡ് ഓയില്‍ ഫൗണ്ടെയിന്‍ തകര്‍ന്നതാണ് ചോര്‍ച്ചയ്ക്ക് കാരണമായത്.
അഞ്ച് ദിവസമായി തുടരുന്ന വാതകചോര്‍ച്ച മേഖലയിലെ ജീവജാലങ്ങളെ ദോഷമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.മേഖലയില്‍ വാതകത്തിന്റെ മണവും മണ്ണില്‍ എണ്ണയും കലര്‍ന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുളത്തിലും പുഴയിലും മറ്റും മീനുകളും ഡോള്‍ഫിനുകളും ചത്തുപൊങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.