വിജയവാഡ: ആന്ധ്രാപ്രദേശിലും ഗോ സംരക്ഷകരുടെ അതിക്രമം. വിജയവാഡയില്‍ ഗോ സംരക്ഷകര്‍ പശുവിന്റെ തൊലിയുരിച്ച ദളിത് സഹോദരന്‍മാരെ നഗ്‌നരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
അമലാപുരം ജാനകിപേട്ട ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇലക്ട്രിക് ഷോക്കേറ്റ് ചത്ത പശുവിന്റെ തോലെടുത്ത മൊകാതി എലിസ, മൊകാതി ലാസര്‍ എന്നിവരാണ് ഗോ രക്ഷകരുടെ ക്രൂരമര്‍ദനത്തിനിരയായത്. പ്രദേശത്തെ പച്ചക്കറി വില്‍പനക്കാരന്റെ ഷോക്കേറ്റ് ചത്ത പശുവിന്റെ തോലെടുക്കുന്നതിനായി ദളിത് സഹോദരന്‍മാരെ കൂലിക്ക് വിളിക്കുകയായിരുന്നു.
മോഷ്ടിച്ച പശുവിനെ കൊന്നാണ് തോലെടുത്തത് എന്നാരോപിച്ച് 100 ഓളം ഗോ സംരക്ഷകര്‍ സഹോദരന്‍മാരെ പിടികൂടി ആക്രമിക്കുകയായിരുന്നു. എന്നാല്‍ തോലെടുക്കാന്‍ ഇവരെ കൂലിക്ക് വിളിച്ചതാണെന്നറിഞ്ഞ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയും അവശരായ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മര്‍ദനമേറ്റ ഒരാളുടെ നില ഗുരുതരമാണ്.
സംഭവത്തില്‍ പട്ടികജാതിപട്ടികവകുപ്പ് വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങളെ ചെറുക്കാനുള്ള വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഗംഗാധര്‍, രമണ്‍ എന്നീ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. അക്രമം നടത്തിയവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നടപടിയെടുത്തതായി പൊലീസ് അറിയിച്ചു.
ഇതേ വിഷയത്തില്‍ കഴിഞ്ഞമാസം ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇത് ദേശവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ദളിത് ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ഗോ സംരക്ഷകര്‍ നടത്തുന്ന അക്രമങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.