ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെ.ടി നവീന്‍ കുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ നാടകമാണെന്ന് ബി.ജെ.പി. ഗൗരി ലങ്കേഷിന്റെ കൊലപാതകം നടത്തിയത് ഹിന്ദുക്കാളാണെന്ന് സ്ഥാപിക്കുന്നതിനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രമമാണ് നവീന്‍ കുമാറിന്റെ അറസ്റ്റിന്റെ പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു.
നവീന്റെ അറസ്റ്റ് വെറും രാഷ്ട്രീയ നാടകം മാത്രമാണ്. ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നില്‍ ഹിന്ദുക്കളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രമം. അത് ശരിയല്ല. കര്‍ണാടക ഭരിക്കുന്നത് ഹിന്ദു വിരുദ്ധ സര്‍ക്കാരാണെന്നും ബി.ജെ.പി എം.പി ശോഭ കരന്‍ഡ്‌ലാജെ ആരോപിച്ചു.
അതേസമയം നവീന്‍ കുമാറിന് സംഭവത്തില്‍ പങ്കില്ലെങ്കില്‍ കൊലപാതകികള്‍ ആരാണെന്ന് ശോഭ പറയണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
കര്‍ണാടകയില്‍ പുറത്തിറങ്ങുന്ന ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5 ന് ബാംഗ്ലൂരിലെ തന്റെ വീടിന് പുറത്ത് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.