ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നിശ്ശബ്ദത തുടര്‍ന്നാല്‍ തനിക്ക് ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങളും തിരിച്ചു നല്‍കുമെന്ന് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്.
മോദി തന്നെക്കാള്‍ വലിയ നടനാണെന്നും ബഹുമുഖ പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതികളെ ഇനിയും പിടികൂടാത്ത സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ വിമര്‍ശനം.
ഗൗരി ലങ്കേഷിനെ വധിച്ചവരെ പിടികൂടുകയോ കൂടാതിരിക്കുകയോ ചെയ്യാം. എന്നാല്‍, ഒരു വിഭാഗം ആളുകള്‍ ഗൗരിയുടെ മരണം സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്. മോദിയുടെ അനുയായികളാണ് അവരുടെ മരണം ആഘോഷിക്കുന്നത്- അദ്ദേഹം പറഞ്ഞു.
ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ 11 -ാമത് സംസ്ഥാന സമ്മേളനം ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗലുരുവിലെ ഓഫീസില്‍ നിന്ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.
അതേ സമയം തന്റെ പ്രസ്താവന വിവാദമായതിനെ തുടർന്ന് ദേശീയ പുരസ്കാരങ്ങൾ തിരികെ നൽകില്ലെന്ന് നടൻ പ്രകാശ് രാജ് പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി.