മുംബൈ: ബെംഗളൂരുവില്‍ കൊല്ലപ്പെട്ട പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ക്രൂരമാണെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍.
ഗൗരീ ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി റഹ്മാന്‍ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വലിയ തരഗം സൃഷ്ടിക്കുമെന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇത് എന്റെ ഇന്ത്യയല്ല, ഇങ്ങനയൊക്കെ നടക്കുന്ന ഇന്ത്യയല്ല എന്റേതെന്നായിരുന്നു ഗൗരി ലങ്കേഷ് വധവുമായി എ.ആര്‍.റഹ്മാന്‍ നടത്തിയ പ്രസ്താവന.
ഒരു ഗാനത്തിന്റെ റെക്കോര്‍ഡിംഗിനിടെയാണ് ഗൗരിയുടെ മരണവാര്‍ത്ത കേള്‍ക്കുന്നതെന്നും, അവര്‍ ആരാണെന്ന് അറിവില്ലായിരുന്നുവെങ്കിലും എന്റെ ഹൃദയത്തെ അത് വല്ലാതെ ഞെട്ടിച്ചുവെന്നും റഹ്മാന്‍ പറഞ്ഞു.
ഞങ്ങള്‍ ഗാന്ധിയുടെ രാജ്യത്തുള്ളവരാണ്, എന്റെ രാജ്യത്ത് ഇതുപോലുള്ള ക്രൂരത കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന് ഉത്തമ മാതൃകയാണ് ഇന്ത്യയെന്നും, അത്തരത്തിലുള്ള ഒരു രാജ്യത്ത് ഇത് സംഭവിക്കുന്നത് അത്ഭുതമാണെന്നും, എന്നാല്‍ സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും റഹ്മാന്‍ പറഞ്ഞു.
വ്യത്യസ്ത സംസ്‌കാരം പിന്തുടരുന്നവരാണ് നമ്മള്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണ് എന്നാല്‍ മറ്റൊരു രാജ്യത്തെ പോലെയാകരുത് ഇതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കലാകാരന്‍മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് നമ്മള്‍ എല്ലാം രാഷ്ട്രീയ കാര്യങ്ങളില്‍ മൗനം പാലിക്കണമെന്നായിരുന്നു റഹ്മാന്റെ പ്രതികരണം.
കലാകാരന്‍മാര്‍ അവരുടെ കലകളില്‍ സമാധാനം പ്രാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.