ഇമ്രാന്‍ സഹോദരനെങ്കില്‍ മക്കളെ ഒന്ന് അതിര്‍ത്തിയിലേക്ക് വിടൂ എന്ന് സിദ്ദുവിനെതിരെ ഗംഭീര്‍

ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ ബിജെപി എംപി ഗൗതം ഗംഭീര്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ജ്യേഷ്ഠ സഹോദരനാണെന്ന പരാമര്‍ശത്തിലാണ് ഗൗതം ഗംഭീര്‍ സിദ്ദുവിനെതിരെ തിരിഞ്ഞത്.

അത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ കുട്ടികളെ അതിര്‍ത്തിയിലേക്ക് വിടൂ എന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ’70 വര്‍ഷമായി പാകിസ്താന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്ക്കെതിരെയാണ് ഇന്ത്യ പോരാടുന്നത്. ‘ഭീകര രാജ്യ’ത്തിന്റെ പ്രധാനമന്ത്രിയെ സഹോദരനെന്നു വിശേഷിപ്പിക്കുന്നത് ലജ്ജാകരമാണ്’. ഗൗതം ഗംഭീര്‍ പറഞ്ഞു.

ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ച് പാകിസ്താനിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയില്‍ എത്തിയപ്പോഴാണ് സിദ്ദുവിന്റെ, ഇമ്രാന്‍ ഖാനെ പ്രശംസിച്ചുകൊണ്ടുള്ള വാക്കുകള്‍. ‘ഇമ്രാന്‍ ഖാന്‍ എന്റെ ജ്യേഷ്ഠ സഹോദരനാണ്. അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. അദ്ദേഹം ഞങ്ങളെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്’ എന്നായിരുന്നു സിദ്ദുവിന്റെ പ്രസ്താവന.

അതേസമയം, പരാമര്‍ശത്തില്‍ സുദ്ദുവിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ നീക്കം നടക്കുകയാണ്. ഇമ്രാന്‍ ഖാന്‍ ഒരു ഇന്ത്യക്കാരന്റെയും ബഡാ ഭായി അല്ലെന്ന് മുതിര്‍ന്ന നേതാവ് മനീഷ് തിവാരി പറഞ്ഞു. സിദ്ദുവിന്റെ വിവാദ പരാമര്‍ശത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗും അതൃപ്തി അറിയിച്ചതായാണ് സൂചന.

Top