ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനം ഗൗതം ഗംഭീര്‍ രാജിവെച്ചേക്കുമെന്ന് സൂചന

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനം ഗൗതം ഗംഭീര്‍ രാജിവെച്ചേക്കുമെന്ന് സൂചന. അടുത്ത ഐപിഎല്‍ സീസണിലേക്ക് പരിശീലകനാവാന്‍ മുന്‍ ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ ലഖ്നൗ സമീപിച്ചതായി ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക പുതിയ ചുമതല ഏറ്റെടുക്കുന്നതു സംബന്ധിച്ച് ലണ്ടനിലുള്ള ലാംഗറുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.

ജസ്റ്റിന്‍ ലാംഗര്‍ ലഖ്നൗ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുകയാണെങ്കില്‍ നിലവില്‍ ടീം മെന്ററായ ഗൗതം ഗംഭീര്‍ തന്റെ പഴയ ക്ലബ്ബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാകുമെന്നാണ് കരുതുന്നത്. ലോക്സഭാംഗമായ ഗംഭീറിന് പ്രതിഫലത്തോടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് തടസമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഗംഭീറിനെ മെന്റര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പുതിയ പദവിയെക്കുറിച്ച് ഗംഭീറും കൊല്‍ക്കത്ത ടീം മാനേജ്മെന്റും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സിംബാബ്‌വെ മുന്‍ നായകന്‍ ആന്‍ഡി ഫ്ലവറായിരുന്നു ലഖ്നൗ പരിശീലകനെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ഗൗതം ഗംഭീറായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ആര്‍സിബി താരമായ വിരാട് കോലിയുമായി പരസ്യ വാഗ്വാദത്തിലേര്‍പ്പെട്ടതും ഗംഭീറിനെ കാണികള്‍ കോലി ചാന്‍റുമായി പ്രകോപിപ്പിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

ലഖ്നൗവിന് ആദ്യ രണ്ട് സീസണിലും പ്ലേ ഓഫിലെത്താനായെങ്കിലും ഫൈനലില്‍ എത്താനായില്ല. കഴിഞ്ഞ സീസണില്‍ സീസണിടയില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. അതേസമയം ഗംഭീറാകട്ടെ കൊല്‍ക്കത്തയ്ക്ക് രണ്ട് തവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ്. അതുകൊണ്ടുതന്നെ കൊല്‍ക്കത്തയില്‍ ഗംഭീറിന് തിളങ്ങാനാകുമെന്നാണ് കരുതുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പരിശീലകരിലൊരാളായ ചന്ദ്രകാന്ത് പണ്ഡിറ്റാണ് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ പരിശീലിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തത്.

Top