ഡല്‍ഹി: ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പുതിയ റോളുമായി ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തി. ക്ലബിന്റെ ഉപദേശകനായാണ് കൊല്‍ക്കത്തയുടെ മുന്‍ നായകന്‍ കൂടിയായിരുന്ന ഗംഭീര്‍ തിരിച്ചെത്തുന്നത്. രണ്ട് വര്‍ഷത്തെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കരാര്‍ ഗംഭീര്‍ അവസാനിപ്പിച്ചു. വികാരഭരിതമായ കുറിപ്പോടെയാണ് ഗംഭീര്‍ ലക്‌നൗവില്‍ നിന്ന് വിടവാങ്ങുന്നത്.
ഗംഭീര്‍ എക്കാലവും കൊല്‍ക്കത്തയുടെ ഭാഗമാണെന്നായിരുന്നു ഉടമ ഷാരൂഖ് ഖാന്റെ പ്രതികരണം. മുമ്പ് നായകനായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉപദേശക റോളിലാണെന്ന് മാത്രമെന്നും ഷാരുഖ് പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് കിരീടങ്ങള്‍ നേടി നല്‍കിയ നായകനായിരുന്നു ഗൗതം ഗംഭീര്‍.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമുള്ള തന്റെ യാത്രയ്ക്ക് അവസാനമാകുന്നതായി ഗംഭീര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഈ യാത്ര അവിസ്മരണീയമാക്കിയ താരങ്ങള്‍ക്കും പരിശീലകനും മറ്റ് അംഗങ്ങള്‍ക്കും നന്ദി പറയുന്നു. ലക്‌നൗവിന് എല്ലാ ആശംസകളും നേരുന്നതായും ഗംഭീര്‍ പറഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തിയതിലും താരം തന്റെ സന്തോഷം പ്രകടിപ്പിച്ചു.