പൊരുതാന്‍ തയ്യാറാവാതെ ഇന്ത്യ തോല്‍വി സമ്മതിച്ചു ; ടീമിനെതിരെ വിമര്‍ശനവുമായി ഗംഭീര്‍

ന്യൂഡല്‍ഹി: ഒരിക്കല്‍ പോലും പൊരുതാന്‍ തയ്യാറാവാതെ ഇന്ത്യ തോല്‍വി സമ്മതിച്ചെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും തോല്‍വി ഏറ്റു വാങ്ങിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത് എത്തിയത്.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഒരിക്കലും പൊരുതാന്‍ പോലും നില്‍ക്കാതെയാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. നാലാം ദിവസത്തിന്റെ അവസാന സെഷനില്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരം അവസാന ദിവസത്തിലേക്ക് നീട്ടാന്‍ ശ്രമിക്കേണ്ടിയിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യക്ക് പരമ്പരയിലേക്ക് തിരിച്ചുവരാന്‍ ഇനിയും സമയമുണ്ട്. എന്നാല്‍ അതൊരിക്കലും അനായാസമല്ല. വരുന്ന മൂന്ന് മത്സരങ്ങളും വിജയിക്കാന്‍ ഇന്ത്യ ഒരുപാട് കഷ്ടപ്പെടും. അതുക്കൊണ്ട് തന്നെ പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഇംഗ്ലണ്ടാവട്ടെ, അടുത്ത ടെസ്റ്റ് കൂടി വിജയിച്ച് എത്രയും പെട്ടന്ന് പരമ്പര സ്വന്തമാക്കാനാണ് ശ്രമിക്കുക. അതുക്കൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാകുമെന്നും ഗംഭീര്‍ സൂചിപ്പിച്ചു.

ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റും കൂടി പരാജയപ്പെട്ടതോടു കൂടി മുന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തു വന്നിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി വി എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ് എന്നിവരാണ് വിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്.

കൂടാതെ ഇംഗ്ലണ്ടിനെതിരെയുള്ള ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബി സി സി ഐ വിശദീകരണം ആവശ്യപ്പെടും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ തോല്‍ക്കുകയാണ് ഉണ്ടായത്. ആദ്യത്തെ ടെസ്റ്റില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വിയെങ്കില്‍ രണ്ടാമത്തെ ടെസ്‌ററില്‍ അത് 159 റണ്‍സിനായിരുന്നു. ആഗസ്റ്റ് 18ന് നോട്ടിംഗ്ഹാമിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

Top