ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മയില്‍ നക്‌സല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച 25 സിആര്‍പിഎഫ് ജവാന്മാരുടെ മക്കള്‍ക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.
ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും ഗൗതം ഗംഭീര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ ഫൗണ്ടേഷനും സംഘവും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെ പത്രം തുറന്നപ്പോള്‍ ആക്രമത്തില്‍ കൊല്ലപ്പെട്ട രണ്ടു ജവാന്മാരുടെ പെണ്‍മക്കളുടെ നൊമ്പരപ്പെടുത്തുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതില്‍ ഒരു പെണ്‍കുട്ടി വീരമൃത്യു വരിച്ച അച്ഛനെ സല്യൂട്ട് ചെയ്യുകയായിരുന്നു. അതേസമയം, അലറി കരയുകയായിരുന്നു രണ്ടാമത്തെ പെണ്‍കുട്ടിയെന്നും ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ഗംഭീര്‍ പറഞ്ഞു.
As we crib over lack of air conditioning or size of our already mammoth SUV, let's ponder over d future of d daughters of CRPF martyrs. pic.twitter.com/XhBbbaFEgD
— Gautam Gambhir (@GautamGambhir) April 26, 2017
സുക്മയില്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതിനെതിരേ ഗംഭീര്‍ ശക്തമായി പ്രതികരിച്ചിരുന്നു. ജവാന്മാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഛത്തീസ്ഗഡ്, കാശ്മീര്‍, വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജവാന്മാര്‍ ആക്രമിക്കപ്പെടുകയാണ്. വില കുറഞ്ഞതല്ല എന്റെ രാജ്യത്തുള്ള ജനങ്ങളുടെ ജീവന്‍. ചിലര്‍ ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.
സുക്മ മേഖലയില്‍ റോഡ് നിര്‍മാണത്തിന് സഹായം നല്‍കുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരേയാണ് നക്‌സല്‍ ആക്രമണമുണ്ടായത്. മുന്നൂറോളം നക്‌സലുകളാണ് ഇന്ത്യന്‍ അര്‍ധ സൈനിക വിഭാഗത്തിന് നേരെ വെടിവയ്പു നടത്തിയത്.
നേരത്തെ, കാശ്മീരില്‍ ജവാന്മാര്‍ ആക്രമിക്കപ്പെട്ടപ്പോഴും ഗംഭീര്‍ പ്രതികരിച്ചിരുന്നു. ഒരോ ജവാന് പകരം 100 ജിഹാദികളെ വകവരുത്തണമെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.